
ഇസ്ലാമാബാദ് : പാകിസ്ഥാൻ ഇന്ന് വിക്ഷേപിച്ച മിസൈൽ ലക്ഷ്യസ്ഥാനത്തെത്താതെ തകർന്നു വീണു. സിന്ധിലെ താനാ ബുലാ ഖാന് സമീപം മിസൈൽ താഴേക്ക് കുത്തനെ പതിക്കുന്ന വീഡിയോ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. റോക്കറ്റിനോട് സാമ്യമുള്ള വസ്തു കത്തിയെരിഞ്ഞ് താഴേക്ക് പതിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ പാക് മാദ്ധ്യമങ്ങടക്കം സംഭവം റിപ്പോർട്ട് ചെയ്തിട്ടും എന്താണ് സംഭവിച്ചതെന്ന് വിവരിക്കാൻ പാക് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. സിന്ധിലെ മിസൈൽ പരീക്ഷണ കേന്ദ്രത്തിൽ നിന്നുമാണ് മിസൈൽ വിക്ഷേപിച്ചതെന്ന് കരുതുന്നു.
ഇന്ന് രാവിലെ പതിനൊന്നോടെ മിസൈൽ പരീക്ഷണം നടത്താനാണ് പാകിസ്ഥാൻ തീരുമാനിച്ചിരുന്നത്. എന്നാൽ തുടുക്കം മുതൽ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തുകയായിരുന്നു. ലോഞ്ചറിന്റെ തകരാർ കാരണം ഒരു മണിക്കൂറോളം വൈകിയാണ് പരീക്ഷണം നടന്നത്. എന്നാൽ വിക്ഷേപിച്ചയുടൻ നേരത്തെ സെറ്റ് ചെയ്തിരുന്ന ലക്ഷ്യത്തിലേക്കുള്ള പാതയിൽ നിന്നും മാറി മിസൈൽ സഞ്ചരിക്കുകയും, വാലറ്റത്ത് നിന്നും കറുത്ത പുകയോടെ തലയും കുത്തി താഴേക്ക് പതിക്കുകയുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ സിന്ധിലെ താനാ ബുലാ ഖാന് സമീപം മിസൈൽ തകർന്നു വീണു.
ഇന്ത്യയിൽ നിന്നും അബദ്ധത്തിൽ പാകിസ്ഥാനിൽ പ്രവേശിച്ച മിസൈലിന് പകരമായി ഒരു ശക്തി പ്രകടനത്തിനുള്ള പാക് ശ്രമമാണ് ഇന്നുണ്ടായതെന്ന് കരുതുന്നു. ഇന്ത്യയെ ലക്ഷ്യം വച്ചല്ലെങ്കിലും തങ്ങളുടെ ആയുധ ശേഷി കാണിക്കാനുള്ള ശ്രമമായിരുന്നു ഇന്നത്തെ മിസൈൽ പരീക്ഷണമെന്ന് പാക് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ' ഇന്ത്യൻ ബ്രഹ്മോസ് മിസൈലിന് മറുപടിയായി പാകിസ്ഥാൻ ഒരു മിസൈൽ പരീക്ഷിച്ചു. പാകിസ്ഥാൻ മിസൈൽ ലക്ഷ്യത്തിലെത്താൻ കഴിയാതെ സമീപത്ത് വീണു' ഇങ്ങനെയാണ് വാർത്താ ഏജൻസി ട്വീറ്റ് ചെയ്തിരിക്കുന്നത്. മിസൈൽ പരീക്ഷണത്തിന് മുന്നോടിയായി പ്രദേശത്ത് നോ ഫ്‌ളൈ സോണിനായുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.