
രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് 15 സ്ക്രീനുകളിലായി 68 സിനിമകളാണ് കാത്തിരിക്കുന്നത്. രാവിലെ 9ന് തുടങ്ങുന്ന പ്രദർശനം രാത്രി 10.45 വരെ നീളും. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആവാസ വ്യൂഹത്തിന്റെ ആദ്യ പ്രദർശനം നാളെ രാവിലെ 11.30ന് ടാഗോർ തിയേറ്ററിൽ നടക്കും കമീല അഡീനിയുടെ യൂനി, റഷ്യൻ ചിത്രം ക്യാപ്ടൻ വോൽകാനോഗോവ് എസ്‌കേപ്പ്ഡ്, ഓസ്കാർ ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രിയായ തമിഴ് ചിത്രം കൂഴാങ്കൽ, അർജന്റീനൻ ചിത്രം കമീല കംസ് ഔട്ട് ടുനെറ്റ്, മൗനിയ അക്ൽ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ ലെബനൻ, നതാലി അൽവാരെസ് മെസെന്റെ സ്വീഡീഷ് ചിത്രം ക്ലാര സോള എന്നിവയാണ് മത്സര വിഭാഗത്തിൽ നാളെ പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾ.
മേളയുടെ സ്പിരിറ്റ് ഒഫ് സിനിമ പുരസ്കാരം നേടിയ ലിസ ചലാൻ സംവിധാനം ചെയ്ത ദി ലാംഗ്വേജ് ഒഫ് മൗണ്ടന്റെ ആദ്യപ്രദർശനവും നാളെയാണ് നടക്കുന്നത്. കുർദ്ദിഷ് ജനതയുടെ അതിജീവന കഥ ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. രാവിലെ 9 ന് ഏരീസ് പ്ലെക്സിലെ സ്ക്രീൻ 6ലാണ് ചിത്രത്തിന്റെ പ്രദർശനം.
ഒരു കന്യാസ്ത്രീയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ പറയുന്ന റൊമേനിയൻ ചിത്രം മിറാക്കിൾ, ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് നീതിക്കായി പോരാടുന്ന ഇറാനിയൻ യുവതിയുടെ കഥ പറയുന്ന ബാലഡ് ഒഫ് എ വൈറ്റ് കൗ, റോബർട്ട് ഗൈഡിഗുയൻ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം മാലി ട്വിസ്റ്റ്, ദ വേർസ്റ്റ് പേർസൺ ഇൻ ദ വേൾഡ്, ഇസ്രയേലി ചിത്രം അഹദ്സ് നീ അടക്കം 38 സിനിമകളാണ് ലോക സിനിമ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അപർണ സെനിന്റെ ദി റേപ്പിസ്റ്റ്, അമിതാഭ് ചാറ്റർജിയുടെ ഇന്റു ദ മിസ്റ്റ്, മധുജാ മുഖർജിയുടെ ഡീപ്പ് സിക്സ്, ഫറാസ് അലിയുടെ ഷൂ ബോക്സ്, പ്രസൂൺ ചാറ്റർജിയുടെ ടൂ ഫ്രണ്ട്സ് ഉൾപ്പടെ 17 ഇന്ത്യൻ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. കൂടാതെ സിദ്ധാർത്ഥ് ശിവയുടെ എന്നിവർ, രഞ്ജിത്ത് ശങ്കറിന്റെ സണ്ണി, പി.ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ, കൃഷാന്ത് ആർ.കെയുടെ ആവാസവ്യൂഹം, കൃഷ്ണേന്തു കലേഷിന്റെ പ്രാപ്പെട, സത്യൻ അന്തിക്കാടിന്റെ അപ്പുണ്ണി ഉൾപ്പെടെ നിരവധി മലയാളം ചിത്രങ്ങളും പ്രദർശിപ്പിക്കും.
പുതിയ രൂപത്തിൽ കുമ്മാട്ടി
രാജ്യാന്തര ചലച്ചിത്ര മേളയിൽ പഴമയിലെ പുതുമയായി ജി.അരവിന്ദന്റെ കുമ്മാട്ടി. ചിത്രത്തിന്റെ നവീകരിക്കപ്പെട്ട 4കെ പതിപ്പാണ് പ്രദർശിപ്പിക്കുന്നത്. ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്‌കോർസെസെയുടെ ദി ഫിലിം ഫൗണ്ടേഷൻ, ഇറ്റലിയിലെ ബൊലോഗ്ന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ചിത്രത്തെ നവ രൂപത്തിൽ സജ്ജമാക്കിയത്. ഇന്ത്യയിൽ ആദ്യമായാണ് ഈ 4കെ പതിപ്പ് പ്രദർശിപ്പിക്കുന്നത്. ശ്രീ തിയേറ്ററിൽ രാവിലെ 11.30 നാണ് ചിത്രത്തിന്റെ പ്രദർശനം.