
ഫറ്റോർഡ: ഞായറാഴ്ച നടക്കുന്ന കേരള ബ്‌ളാസ്റ്റേഴ്സും ഹൈദരാബാദ് എഫ് സിയും തമ്മിലുള്ള ഐ എസ് എൽ ഫൈനൽ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റുകഴിഞ്ഞു. കൊവിഡ് മഹാമാരിയെതുടർന്ന് കഴിഞ്ഞ സീസണും ഈ സീസണിലെ സെമിഫൈനൽ വരെയുള്ള മത്സരങ്ങളിലും കാണികളില്ലാതെയായിരുന്നു നടന്നത്. എന്നാൽ അധികൃതർ അനുവദിച്ചതിനെ തുടർന്ന് ഫൈനൽ മത്സരം നടക്കുന്ന ഫറ്റോർഡയിലെ ജവഹാർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മുഴുവൻ സീറ്റുകളിലേക്കും കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. രണ്ട് വർഷത്തിനിടയിൽ ഇത് ആദ്യമായിട്ടാണ് ഒരു ഐ എസ് എൽ മത്സരത്തിന് കാണികളെ പ്രവേശിപ്പിക്കുന്നത്.
വെറും 19000 പേർക്ക് മാത്രം ഇരിക്കാൻ സാധിക്കുന്ന ഫറ്റോർഡയിലെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് ടിക്കറ്റ് ലഭിക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. ഇന്ന് രാവിലെ രണ്ടാം ഘട്ട ടിക്കറ്റ് വില്പന ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു. ടിക്കറ്റ് ലഭിക്കാൻ തന്നെ വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് ചില ആരാധകർ പറഞ്ഞു.
എന്നാൽ ടിക്കറ്റ് ലഭിച്ചതുകൊണ്ട് മാത്രം ഐ എസ് എൽ ഫൈനൽ കാണാൻ സാധിക്കുമെന്ന് ആരും കരുതരുത്. കൊവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അതി തീവ്രമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് മത്സരങ്ങൾ നടത്തുന്നത്.
ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശനം. മാത്രമല്ല മത്സരം നടക്കുന്നതിന് 15 ദിവസം മുമ്പ് കൊവിഡ് വാക്സിന്റെ രണ്ട് ഡോസും എടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇനി സർട്ടിഫിക്കറ്റ് ഇല്ലാത്തവർ മത്സരം നടക്കുന്നതിന് 24 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് ആണെന്നുള്ള ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്റ്റേഡിയത്തിനിള്ളിൽ പ്രവേശിച്ച് കഴിഞ്ഞാൽ മുഴുവൻ സമയവും മാസ്ക് ധരിക്കണം. അല്ലാത്തവരെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ടായിരിക്കും.
ശരീരോഷ്മാവ് പരിശോധിച്ച ശേഷം മാത്രമായിരിക്കും സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കുക. ഇതിനു പുറമേ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കുന്ന എല്ലാ കാണികളും നിർബന്ധമായി ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നവരായിരിക്കണം. സ്റ്റേഡിയത്തിനുള്ളിൽ ആയിരിക്കുമ്പോൾ അടിക്കടി കൈകൾ സാനിറ്റൈസർ കൊണ്ട് വൃത്തിയാക്കണം. സ്റ്റേഡിയത്തിനുള്ളിൽ തുപ്പുകയോ പുകവലിക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ കുറ്റക്കാരെ പൊലീസിന് കൈമാറും. കൊവിഡ് ലക്ഷണങ്ങളുള്ളവരെ ഒരു കാരണവശാലും സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കില്ല.