
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഏക സ്ഥാനാർത്ഥിയെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിക്കും. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ, എം.ലിജു, എം.എം ഹസൻ എന്നിവരാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം സമർപ്പിച്ച മൂന്നംഗ പട്ടികയിലുളളതെന്നാണ് സൂചന. ഏപ്രിൽ മാസത്തോടെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണം എൽഡിഎഫിനും ഒന്ന് യുഡിഎഫിനുമാണ്.
എൽഡിഎഫ് സ്ഥാനാർത്ഥികളായി സിപിഎമ്മിന്റെ എ.എ റഹീമും സിപിഐയുടെ പി.സന്തോഷ് കുമാറും നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വ്യാഴാഴ്‌ചയാണ് ഇരുവരും പത്രിക സമർപ്പിച്ചത്. മുഖ്യമന്ത്രിയടക്കമുളള മുന്നണി നേതാക്കൾ ഒപ്പമുണ്ടായിരുന്നു. എന്നാൽ കോൺഗ്രസിൽ ഗ്രൂപ്പ് തർക്കം രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആരംഭിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തന്റെ നോമിനി എം.ലിജുവിനൊപ്പം രാഹുൽ ഗാന്ധിയെ കണ്ട് സീറ്റ് നൽകാൻ ആവശ്യപ്പെട്ടു. ദേശീയതലത്തിൽ നോമിനിയായി ശ്രീനിവാസൻ കൃഷ്‌ണന്റെ പേരും ഉയർന്നുകേട്ടു. യുവ പ്രാതിനിദ്ധ്യവും മഹിളാപ്രാതിനിധ്യവും ഉറപ്പിക്കാൻ ഷാനിമോൾ ഉസ്‌മാൻ, വി.ടി ബൽറാം എന്നിവരും മുല്ലപ്പളളി രാമചന്ദ്രൻ, സതീശൻ പാച്ചേനി എന്നിവരുടെയെല്ലാം പേരുകൾ കേട്ടിരുന്നു. ഇതിൽ പരാമർശിക്കാത്ത ജെബി മേത്തറുടെയും എം.എം ഹസന്റെയും പേരുകൾ കെപിസിസി സമർപ്പിച്ച അന്തിമപട്ടികയിലുണ്ടെന്നാണ് പുറത്തുവന്ന വിവരം. ദേശീയ നേതൃത്വം ഉടൻതന്നെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.