
ലാഹോർ: പാകിസ്ഥാൻ - ഓസ്ട്രേലിയ ഏകദിന പരമ്പരയുടെ വേദി റാവൽപിണ്ടിയിൽ നിന്നും കറാച്ചിയിലേക്ക് മാറ്റി സർക്കാർ. പാകിസ്ഥാന്റ ആഭ്യന്തര മന്ത്രി ഷെയ്ക്ക് റഷീദ് അഹ്മാദാണ് ഇക്കാര്യം ഇന്ന് ചേർന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചത്. വേദി മാറ്റത്തിന് വ്യക്തമായ വിശദീകരണം നൽകാൻ മന്ത്രി തയ്യാറായില്ലെങ്കിലും രാഷ്ട്രീയപരമായ കാരണങ്ങളാലാണ് തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. 24 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഓസ്ട്രേലിയൻ ദേശീയ ടീം പാകിസ്ഥാനിൽ പര്യടനം നടത്തുന്നത്.
മൂന്ന് ടെസ്റ്റ് - ഏകദിന പരമ്പരകളിലും ഒരു ടി ട്വന്റിയിലുമാണ് ഓസ്ട്രേലിയ പാകിസ്ഥാനിൽ കളിക്കുക. ഇതിൽ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും സമനിലയിൽ അവസാനിച്ചിരുന്നു. മൂന്നാം ടെസ്റ്റ് തിങ്കളാഴ്ച ലാഹോറിൽ ആരംഭിക്കും. ഇതിനിടയ്ക്കാണ് വേദി മാറ്റികൊണ്ടുള്ള പാകിസ്ഥാന്റെ തീരുമാനം. മൂന്ന് ഏകദിനങ്ങളും റാവൽപിണ്ടിയിൽ വച്ച് നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇനി ഈ മത്സരങ്ങൾ കറാച്ചിയിൽ വച്ച് നടക്കും.
അതേസമയം പാകിസ്ഥാന്റെ തീരുമാനം നിരവധി വിവാദങ്ങൾക്ക് തിരികൊളുത്താൻ സാദ്ധ്യതയുണ്ട്. ഏതാനും ദിവസം മുമ്പാണ് പാകിസ്ഥാനിൽ ഓസ്ട്രേലിയൻ താരങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണം നിലവാരം കുറഞ്ഞതാണെന്ന വിമർശനം ഉയർന്നത്. ഓസ്ട്രേലിയൻ താരമായ മാർനസ് ലബുഷെയ്ൻ തന്റെ ട്വിറ്ററിൽ ഭക്ഷണത്തിന്റെ പടം ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വിവാദമാകുന്നത്. അതിനു പിന്നാലെ വേദി മാറ്റം കൂടി വരുമ്പോൾ കൂടുതൽ അന്താരാഷ്ട്ര ടീമുകളെ പാകിസ്ഥാനിലേക്ക് ആകർഷിക്കാനുള്ള പി സി ബിയുടെ പദ്ധതികൾക്ക് തിരിച്ചടിയാകുകയാണ്.