internet

ന്യൂഡൽഹി: ഇന്റർനെറ്റ് ബ്രൗസിംഗ് ആപ്ളിക്കേഷനായ മോസില ഫയർഫോഴ്സിൽ നിരവധി സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. പുതുതായി കണ്ടെത്തിയ സുരക്ഷാ വീഴ്ചകൾ അത്ര നിസാരമല്ലെന്നും കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആന്റി വൈറസ് സോഫ്ട്‌വെയറുകളെ മറികടക്കാനും സ്പൂഫിംഗ് ആക്രമണങ്ങൾ നടത്താനും നിയന്ത്രണമില്ലാതെ കോഡിംഗ് നടത്താനും ഇപ്പോൾ കണ്ടെത്തിയ സുരക്ഷാ വീഴ്ചയിലൂടെ ഹാക്കർമാർക്ക് സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം പ്രവൃത്തികളിലൂടെ ഹാക്കർമാർക്ക് ഉപഭോക്താക്കളുടെ സമ്മതമില്ലാതെ തന്നെ ബാങ്ക് അക്കൗണ്ട് അടക്കമുള്ള വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.

പോപ് അപ്പുകൾ, ടെംപററി ഫയലുകൾ, ചില പ്രത്യേക സ്ക്രിപ്റ്റുകൾ എന്നിവ ഉപയോഗിക്കാൻ ഹാക്കർമാർക്ക് അനുവാദം നൽകുന്നതാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ള സുരക്ഷാ വീഴ്ച. ഇത് വളരെ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ഇത് മറികടക്കാനുള്ള ഏറ്രവും മികച്ച മാ‌ർഗം മോസിലയുടെ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യുകയെന്നതാണ്.

സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാൻ മാത്രമല്ല, സ്പൂഫിംഗ് ആക്രമണങ്ങൾ നടത്താനും അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും ഉപയോക്താക്കളുടെ സമ്മതമില്ലാതെ സെൻസിറ്റീവ് വിശദാംശങ്ങൾ നേടാനും ഹാക്കർമാർക്ക് ഈ പിഴവുകൾ ഉപയോഗിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മോസില 98 അപ്ഡേഷന് മുമ്പുള്ള എല്ലാ വേർഷനിലും ഈ പിശക് കണ്ടെത്തിയിട്ടുണ്ട്.