തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ അതിഥിയായി നടി ഭാവന എത്തി. അപ്രതീക്ഷിതമായിട്ടായിരുന്നു ഭാവന ഉദ്ഘാടന വേദിയിലെത്തിയത്. ഉദ്ഘാടന ചടങ്ങിനായി നേരത്തെ സംഘാടക സമിതി പുറത്തിറക്കിയ അതിഥികളുടെ പട്ടികയില്‍ ഭാവനയുടെ പേരുണ്ടായിരുന്നു. ഉദ്ഘാടന സമയത്തോട് അടുത്തപ്പോള്‍ ഭാവന പങ്കെടുത്തേക്കുമെന്ന ചില അഭ്യൂഹങ്ങള്‍ ഉയർന്ന് വന്നു. അവസാനം ഉദ്ഘാടന ചടങ്ങിന് തൊട്ടുമുന്‍പായി മേളയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിക്കുകയ്യാരുന്നു. വേദിയിലെത്തിയ ഭാവനയെ നിറഞ്ഞ കൈയടിയോടെ എഴുന്നേറ്റ് നിന്നായിരുന്നു സദസ് സ്വീകരിച്ചത്.

ജീവിതത്തിലെ പ്രതിസന്ധികൾക്കെതിരെ പോരാടുന്ന സ്ത്രീകൾക്ക് ഭാവന ആശംസകൾ നേർന്നു.

ചലച്ചിത്രമേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഭാവന വ്യക്തമാക്കി. '26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. വേദിയിലേക്ക് ക്ഷണിച്ച രഞ്ജിത് സാറിനും ബീനച്ചേച്ചിക്കും പ്രത്യേക നന്ദി അറിയിക്കുന്നു. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവർക്കും നല്ല സിനിമകള്‍ ആസ്വദിക്കുന്ന എല്ലാവർക്കും, ലിസയെ പോലെ പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും എല്ലാവിധ ആശംസകളും''- ഭാവന പറഞ്ഞു.

kk

ഭാവന കേരളത്തിന്റെ റോള്‍ മോഡലാണെന്നായിരുന്നു സജി ചെറിയാന്‍ വിശേഷിപ്പിച്ചത്. നിശാഗന്ധിയിലെ പ്രൗഢ ഗംഭീരമായ വേദിയിലാണ് 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു. കുര്‍ദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു.

5 തിയേറ്ററുകളിൽ ഏഴ് വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ ഐ.എഫ്.എഫ്.കെയിൽ പ്രദർശനത്തിനെത്തുന്നത്. അന്താരാഷ്‍ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ ടുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവയാണ് ഏഴ് വിഭാഗങ്ങൾ.