
കാശ്‌മീരി പണ്ഡിറ്റുകളുടെ ജീവിതം പരാമർശിക്കുന്ന 'ദി കാശ്‌മീർ ഫയൽസ്' എന്ന ചിത്രത്തിന് രാജ്യത്താകെ മികച്ച കളക്ഷൻ. ഒരാഴ്‌ച പിന്നിടുമ്പോൾ പലയിടത്തും നിറഞ്ഞ സദസിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കളക്ഷൻ 100 കോടി പിന്നിട്ടു. രണ്ടാം ആഴ്‌ചയിലും ചിത്രം മികച്ച കളക്ഷനാണ് നേടുന്നതെന്നാണ് റിപ്പോർട്ട്. കേരളത്തിലടക്കം നല്ല പ്രതികരണം ചിത്രം നേടി.
1990കളിൽ കാശ്‌മീരി പണ്ഡിറ്റുകൾ നേരിടേണ്ടിവന്ന ക്രൂരമായ പീഡനങ്ങളും സ്വന്തം നാടുവിട്ട് പലായനം ചെയ്യേണ്ടിവന്നതുമാണ് സിനിമയിലെ കഥാതന്തു. വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്‌ത ചിത്രത്തിൽ അനുപം ഖേർ, മിഥുൻ ചക്രബൊർത്തി, പല്ലവി ജോഷി, ദർശൻ കുമാർ, എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വ്യക്തമായ രാഷ്‌ട്രീയമുളള, ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നിക്കുന്ന ഷോട്ടുകളുളള ചിത്രമാണ് കാശ്‌മീരി ഫയൽസ്. ചിത്രത്തിന്റെ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രിയ്‌ക്ക് റിലീസിന് പിന്നാലെ ജീവന് ഭീഷണി നേരിട്ടിരുന്നു. തുടർന്ന് വൈ കാറ്റഗറി സുരക്ഷയാണ് രഞ്ജന് ഏർപ്പെടുത്തിയത്. രണ്ട് കമാന്റോകളും പൊലീസ് ഉദ്യോഗസ്ഥരുമടക്കം എട്ടംഗ സുരക്ഷയാണ് രഞ്ജന് രാജ്യമൊട്ടാകെ ലഭിക്കുക.