
ബംഗളൂരു: യുക്രെയിനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അറിയിച്ചു. പുലർച്ചെ മൂന്ന് മണിക്ക് ബംഗളൂരു വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം അവിടെനിന്ന് നവീന്റെ ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോകും. മൃതദേഹം ഞായറാഴ്ച എത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഖർഖീവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ എം ബിബിഎസ് വിദ്യാർത്ഥിയായ നവീൻ കഴിഞ്ഞ മാർച്ച് ഒന്നിനാണ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെടുന്നത്. രാവിലെ എട്ട് മണിയോടെ ഭക്ഷണം വാങ്ങാൻ കടയുടെ മുന്നിൽ ക്യൂ നിൽക്കുമ്പോഴാണ് നവീൻ ദുരന്തത്തിന് ഇരയായത്. കർണാടകയിലെ കാവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ്. ഇതേ ജില്ലക്കാരനായ മറ്റൊരു വിദ്യാർത്ഥിക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു.