jebi-mather

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തറിനെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഏക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ആലുവ നഗരസഭയുടെ വൈസ് ചെയർപേഴ്സൺ കൂടിയാണ് ജെബി. കോൺഗ്രസ് ഹൈകമാൻഡിന് മുന്നിൽ സമർപ്പിച്ച മൂന്നംഗ പട്ടികയിൽ ജെബിയുടെ പേരും ഉൾപ്പെട്ടിരുന്നു. എം ലിജു, എം എം ഹസൻ എന്നിവരായിരുന്നു മറ്റ് രണ്ട് പേർ. ഏപ്രിലിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണം എൽ‌ഡിഎഫിനും ഒരെണ്ണം യുഡിഎഫിനുമാണ്.

എൽഡിഎഫ് സ്ഥാനാർത്ഥികളായി സിപിഎമ്മിന്റെ എ.എ റഹീമും സിപിഐയുടെ പി.സന്തോഷ് കുമാറും നാമനിർദ്ദേശപത്രിക സമർപ്പിച്ചു കഴിഞ്ഞു. വ്യാഴാഴ്‌ചയാണ് ഇരുവരും പത്രിക സമർപ്പിച്ചത്. മുഖ്യമന്ത്രിയടക്കമുള‌ള മുന്നണി നേതാക്കൾ ഒപ്പമുണ്ടായിരുന്നു. എന്നാൽ കോൺഗ്രസിൽ ഗ്രൂപ്പ് തർക്കം രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആരംഭിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തന്റെ നോമിനി എം.ലിജുവിനൊപ്പം രാഹുൽ ഗാന്ധിയെ കണ്ട് സീറ്റ് നൽകാൻ ആവശ്യപ്പെട്ടു.

ദേശീയതലത്തിൽ നോമിനിയായി ശ്രീനിവാസൻ കൃഷ്‌ണന്റെ പേരും ഉയർന്നുകേട്ടു. യുവ പ്രാതിനിദ്ധ്യവും മഹിളാപ്രാതിനിധ്യവും ഉറപ്പിക്കാൻ ഷാനിമോൾ ഉസ്‌മാൻ, വി.ടി ബൽറാം എന്നിവരും മുല്ലപ്പള‌ളി രാമചന്ദ്രൻ, സതീശൻ പാച്ചേനി എന്നിവരുടെയെല്ലാം പേരുകൾ കേട്ടിരുന്നു. എന്നാൽ ഇതിലൊന്നും ഉൾപ്പെടാത്ത ജെബി മേത്തറെയാണ് ഹൈക്കമാൻഡ് ഒടുവിൽ അംഗീകരിച്ചിരിക്കുന്നത്.