
ന്യൂയോർക്ക്: പ്യൂർട്ടോ റിക്കോയിലെ സാൻ യുവാനിൽ നടന്ന 2021ലെ മിസ് വേൾഡ് റണ്ണർ അപ് കിരീടം ചൂടിയ ഇന്തോ അമേരിക്കൻ പെൺകുട്ടി ശ്രീസെയ്നിയുടെ (26) ചിരി ലോകമെമ്പാടുമുള്ള യുവതയ്ക്ക് പ്രചോദനമായിരിക്കയാണ്.
വെല്ലുവിളികൾ ഓരോന്നായി തളർത്താൻ ശ്രമിച്ചപ്പോഴും അവൾ, സധൈര്യം ലോകത്തെ നോക്കി പുഞ്ചിരിക്കുകയായിരുന്നു. ഈ പുഞ്ചിരി തന്നെയാണ് ലോകത്തിന് പ്രചോദനമായിരിക്കുന്നത്. പന്ത്രണ്ടാം വയസിൽ ഹൃദയ ശസ്ത്രക്രിയ നടത്തി പേസ്‌മേക്കർ തുന്നിപ്പിടിപ്പിച്ച പെൺകുട്ടി. കോളേജിൽ പഠിക്കവെ, കാറപകടത്തിൽ മുഖമാകെ പൊള്ളിക്കരിഞ്ഞു. പക്ഷേ, അവൾ ജീവിതത്തിൽ നിന്ന് ഒളിച്ചോടിയില്ല. പകരം എല്ലാ പ്രതിസന്ധികളെയും നേരിട്ടു.
പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ശ്രീസെയ്നി അഞ്ചാം വയസിലാണ് വാഷിംഗ്‌ടണിലേക്ക് കുടിയേറിയത്. കഠിനമായ ജീവിത സാഹചര്യങ്ങളോട് പൊരുതിയാണ് സെയ്നി ഫാഷൻ ലോകത്ത് നിലയുറപ്പിച്ചത്. 2017ൽ മിസ് ഇന്ത്യ യു.എസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 2018ൽ മിസ് ഇന്ത്യ വേൾഡ് വൈഡ് ആയി. 2021ലാണ് മിസ് വേൾഡ് അമേരിക്ക ടൈറ്റിൽ സ്വന്തമാക്കിയത്.