
തിരുവനന്തപുരം: മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ. ജെബി മേത്തറിനെ രാജ്യസഭാ സ്ഥാനാർത്ഥിയായി തീരുമാനിച്ചത് സ്വാഗതം ചെയ്ത് കെ മുരളീധരൻ എംപി. ഹൈക്കമാൻഡ് എടുത്തത് ഉചിതമായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
കെ സി വേണുഗോപാലിനെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. ഹിന്ദി ഭാഷ അറിയുന്നവർ ദേശീയ നേതൃത്വത്തിലേക്ക് വരണമെന്നും തനിക്ക് ഹിന്ദി വഴങ്ങാത്തതിലാണ് അവിടേക്ക് ശ്രദ്ധിക്കത്തതെന്നും മുരളീധരൻ പറഞ്ഞു. ചെന്നിത്തലയ്ക്ക് ഹിന്ദി വഴങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജെബിക്കൊപ്പം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എം. ലിജു എന്നിവരുടെ പേരും കെ.പി.സി.സി നേതൃത്വം സമർപ്പിച്ചിരുന്നു. ഈ മൂന്ന് പേരുടെ പാനലിൽ നിന്നാണ് ഹൈക്കമാൻഡ് ജെബിയെ തിരഞ്ഞെടുത്തത്. 1980ന് ശേഷം കേരളത്തിൽ നിന്ന് രാജ്യസഭയിലേക്കെത്തുന്ന ആദ്യ വനിതയാകും ജെബി മേത്തർ.
കേരളത്തിൽ നിന്ന് രാജ്യസഭയിലെത്തുന്ന ആദ്യ മുസ്ലിം വനിതയെന്ന പ്രത്യേകതയും ജെബിക്ക് ഉണ്ട്. സ്ത്രീകൾക്കുള്ള അംഗീകാരമാണിതെന്നും, ഭരണഘടന സംരക്ഷിക്കാനുള്ള നിയോഗമാണെന്നും ജെബി മേത്തൽ പ്രതികരിച്ചു.