hameed

ഇടുക്കി: സ്വത്ത് വീതംവച്ച് നൽകിയിട്ടും മകൻ തന്നെ നോക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ചീനിക്കുഴി കൂട്ടക്കൊല കേസിലെ പ്രതി ഹമീദ്. ഇയാളുടെ മകൻ ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റാ, അസ്ന എന്നിവരാണ് കൊല്ലപ്പെട്ടത്.


സ്വത്തുക്കളെല്ലാം രണ്ട് മക്കൾക്ക് വീതംവച്ച് നൽകിയിരുന്നു. തറവാട് വീടും അതിനോട് ചേർന്ന പറമ്പും ഫൈസലിനാണ് നൽകിയിരുന്നത്. തന്നെ നോക്കിക്കൊള്ളാം എന്നും പറമ്പിലെ ആദായം എടുക്കാം എന്നുമായിരുന്നു വ്യവസ്ഥ. എന്നാൽ മകൻ ഇത് പാലിച്ചില്ല.

ഇന്നലെ രാവിലെ ഹമീദും മകനുമായി വഴക്കുണ്ടായി. വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. പുറത്തുപോയ ഹമീദ് അഞ്ച് കുപ്പി പെട്രോളുമായിട്ടാണ് തിരിച്ചെത്തിയത്. ഇതിൽ രണ്ട് കുപ്പിയിലെ പെട്രോൾ വീടനകത്തേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

മകനും കുടുംബവും രക്ഷപ്പെടാതിരിക്കാനായി വീട് പുറത്തുനിന്ന് പൂട്ടുകയും വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളയുകയും ചെയ്തിരുന്നു. അർദ്ധരാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.