thiruvanchoor

തിരുവനന്തപുരം: മുൻ മന്ത്രിയും സി പി എം നേതാവുമായ എം എം മണി തനിക്കെതിരെ നടത്തിയ ആരോപണങ്ങൾക്ക് മറുപടി നൽകി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അഞ്ചേരി ബേബി വധക്കേസിൽ വിധി വന്നതിന് പിന്നാലെ തിരുവഞ്ചൂർ വഞ്ചകനാണെന്ന് എം എം മണി ആരോപിച്ചിരുന്നു. ഈ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2012ൽ പ്രസംഗം വിവാദമായതോടെ അഞ്ചേരി വധക്കേസിൽ മണിയെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. യു ഡി എഫിന്റെ ഭരണമായിരുന്ന ആ സമയത്ത് തിരുവഞ്ചൂരായിരുന്നു ആഭ്യന്തരമന്ത്രി. തിരുവഞ്ചൂർ വഞ്ചകനാണെന്നും രാഷ്ട്രീയവൈരാഗ്യം തീർക്കുകയാണെന്നും ഇടുക്കിയിൽ നിന്ന് തന്നെ ഒഴിവാക്കുമെന്ന് പ്രസംഗിച്ചുനടന്നെന്നും മണി പറഞ്ഞിരുന്നു. തിരുവഞ്ചൂരിന്റെ നിറത്തെപറ്റിയും മണി പരാമർശം നടത്തിയിരുന്നു.

മണി വീണിടത്ത് കിടന്നുരുളുകയാണെന്നും സ്വന്തം നാക്ക് തന്നെയാണ് അദ്ദേഹത്തിന്റെ ശത്രുവെന്നുമാണ് ആരോപണങ്ങൾക്ക് മറുപടിയായി തിരുവഞ്ചൂർ പറഞ്ഞത്. നിറത്തിന്റെ കാര്യത്തിൽ നമ്മൾ തമ്മിൽ വലിയ വ്യത്യാസമില്ല. എന്നെക്കാൾ കുറച്ചുകൂടി കൃഷ്ണനാണ് എം എം മണി. നിലവാരം വിട്ടുള്ള വിമർശനത്തിന് തയ്യാറല്ല. സുപ്രീം കോടതി പോലും അന്നത്തെ സർക്കാരിന്റെ നിലപാട് ശരിവച്ചിരുന്നു. എന്നാൽ പത്ത് വർഷത്തിന് ശേഷം വന്ന കോടതി വിധിയെക്കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഞങ്ങൾ കേസെടുത്ത് മണിയുടെ തലയിൽ വച്ചുകൊടുത്തതല്ല. അദ്ദേഹത്തിന്റെ നാക്കിൽ നിന്നുതന്നെയാണ് കേസുണ്ടായത്. സ്വഭാവ ഗുണവും കഴിവും കയ്യിലിരിക്കട്ടെ. ഇഷ്ടമില്ലാത്തവരെ അപമാനിക്കുന്നതാണ് മണിയുടെ രീതി. മറുവശത്ത് മണിയായതിനാൽ ആളുകൾക്ക് സ്വയം മനസിലാവുമെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഇടുക്കിയിൽ കോൺഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ മുൻമന്ത്രി എം.എം. മണി, സി.പി.എം ഇടുക്കി ജില്ലാ നേതാക്കളായ കുട്ടപ്പൻ എന്ന പാമ്പുപാറ കുട്ടൻ, ഒ.ജി. മദനൻ എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി വിധി വന്നത് കഴിഞ്ഞ ദിവസമായിരുന്നു.

കൊലപാതകം നടന്ന് 30 വർഷങ്ങൾക്കുശേഷം 2012 മേയ് 25ന് നടത്തിയ വിവാദമായ വൺ, ടൂ, ത്രീ പ്രസംഗത്തെത്തുടർന്ന് അഞ്ചേരി ബേബിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് എം.എം. മണിയടക്കമുള്ളവർക്കെതിരെ കേസെടുത്തത്. 1982 കാലഘട്ടത്തിൽ രാജക്കാട്, ശാന്തൻപാറ മേഖലയിൽ എതിരാളികളെ വകവരുത്തിയെന്ന് അവകാശപ്പെട്ടാണ് മണി പ്രസംഗിച്ചത്. ഈ കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം.എം. മണി, കുട്ടപ്പൻ, ഒ.ജി മദനൻ എന്നിവർ വിചാരണക്കോടതിയെ സമീപിച്ചെങ്കിലും തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

അഞ്ചേരി ബേബിയെ കൊലപ്പെടുത്താൻ മണിയുടെ നേതൃത്വത്തിൽ സി.പി.എമ്മിന്റെ രാജാക്കാട് ഏരിയാ കമ്മിറ്റി ഓഫീസിൽ ഗൂഢാലോചന നടത്തിയെന്നും തുടർന്ന് ഏലത്തോട്ടത്തിൽ പതിയിരുന്ന് വെടിവച്ചു കൊലപ്പെടുത്തിയെന്നുമായിരുന്നു കേസ്. മണിയടക്കമുള്ള പ്രതികൾക്ക് കേസിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ പഴയകേസിൽ പ്രതികളായ അഞ്ചുപേരെ പ്രോസിക്യൂഷൻ സാക്ഷികളാക്കിയിരുന്നു. എന്നാൽ, ഇവരടക്കമുള്ള സാക്ഷികളുടെ മൊഴികളിലെ വൈരുദ്ധ്യം കേസിനെത്തന്നെ തകർക്കുന്നതാണെന്ന് ജസ്റ്റിസ് സുനിൽ തോമസ് ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ തുടരുന്നതിൽ കാര്യമില്ലെന്ന് വിലയിരുത്തി കേസ് റദ്ദാക്കി പ്രതികളെ കുറ്റവിമുക്തരാക്കിയത്.

കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ സന്തോഷമുണ്ടെന്നും നീതി ലഭിച്ചെന്നും എംഎം മണി പ്രതികരിച്ചു. നേരിട്ട് കാണാത്ത ആളെയാണ് താൻ കൊലപ്പെടുത്തിയതെന്ന് യു.ഡി.എഫുകാർ ആരോപിക്കുന്നതെന്നും അവരുടെ ചരിത്രം അതാണെന്നും മണി പറഞ്ഞിരുന്നു.