
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു നടി ഭാവന എത്തിയത്. ഉദ്ഘാടന ചടങ്ങിന് തൊട്ടുമുൻപായി വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
ഭാവനയെ ക്ഷണിക്കുക എന്നത് തന്റെ തീരുമാനമായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രഞ്ജിത്ത്. ഭാവന വരുന്നകാര്യം മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ ഓഫീസിൽ പോയി പറഞ്ഞിരുന്നെന്നും, ചലച്ചിത്ര അക്കാദമിയിലെ സഹപ്രവർത്തകരുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു.
'ഒരു കാര്യം ചെയ്യാൻ ശ്രമിക്കുമ്പോൾ നെഗറ്റിവിറ്റി മാത്രം ചികഞ്ഞ് കണ്ടെത്തുന്നത് ചില മനസുകളുടെ മാത്രം പ്രശ്നമാണ്. അതിന് മാനസിക രോഗം എന്ന് തന്നെ പറയേണ്ടിവരും. ഞാൻ അത് കാര്യമാക്കുന്നയാളല്ല. എന്നെ അതൊന്നും കാട്ടി ആർക്കും ഭയപ്പെടുത്താനുമാകില്ല.'- രഞ്ജിത്ത് പറഞ്ഞു. മാദ്ധ്യമങ്ങളുടെ ശ്രദ്ധ പ്രശ്നമാകുമെന്ന് കരുതിയാണ് ഭാവന വരുന്നെന്ന കാര്യം രഹസ്യമാക്കി വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പുരുഷന്മാരെയും സ്ത്രീകളെയും വച്ച് മാത്രമാണ് ഞാൻ സിനിമയെടുത്തത്. പക്ഷികളെയും മൃഗങ്ങളെയുംവച്ച് എടുത്തിട്ടില്ല. അത്തരം തറ വർത്തമാനങ്ങൾ എന്റെയടുത്ത് ചെലവാകില്ല. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ എനിക്ക് തോന്നുന്നത് ഞാൻ ചെയ്തിരിക്കും. സർക്കാർ നയങ്ങൾക്ക് വിരുദ്ധമായൊന്നും ഉണ്ടാകില്ല.
മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, നിങ്ങൾ ഭാവനയെക്കുറിച്ചൊക്കെ പറഞ്ഞു. അതേവേദിയിൽ അനുരാഗ് കശ്യാപ് ഉണ്ട്. തന്റെ ജന്മനാടായ യുപിയിൽ ആറ് വർഷമായി കാലുകുത്താൻ കഴിയാത്തൊരാൾ. പുരുഷനായതുകൊണ്ട് മാത്രം അത് പറയാതിരിക്കരുത്.'- രഞ്ജിത്ത് പറഞ്ഞു.