yogi

ലക്‌നൗ: അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാലിലും കാവി പുതപ്പിച്ച് ബി ജെ പി ശക്തി പ്രകടിപ്പിച്ചതിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാംവട്ട സത്യപ്രതിജ്ഞയ്ക്കൊരുങ്ങുന്ന യോഗി ആദിത്യനാഥിനായി ഒരുങ്ങുന്നത് ഗംഭീര ചടങ്ങ്. മാർച്ച് 25ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ സംബന്ധിക്കാൻ എത്തുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വമ്പൻമാരെന്ന് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ബി ജെ പി ദേശീയാദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവരടക്കമുള്ള ബി ജെ പി നേതാക്കൾ ച‌ടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് . കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ്, എസ് പി പ്രസിഡന്റ് അഖിലേഷ് യാദവ്, ബി എസ് പി നേതാവ് മായാവതി എന്നിവരാണ് ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് പ്രമുഖർ. രാഹുൽ ഗാന്ധിക്ക് ക്ഷണമുണ്ടോയെന്നത് വ്യക്തമല്ല.

രണ്ടാം യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ 45000 പേർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. 200 വി വി ഐ പികളും ചടങ്ങിന് സാക്ഷിയാകും. കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മറ്റ് പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കുകൊള്ളും. 225 സീറ്റുകൾ നേടിയാണ് ഉത്തർപ്രദേശിൽ ബി ജെ പി വീണ്ടും അധികാരത്തിലെത്തുന്നത്. 111 സീറ്റുകളുമായി എസ് പി രണ്ടാം സ്ഥാനത്തായിരുന്നു എത്തിയത്. സഖ്യകക്ഷിയായ എസ് ബി എസ് പി ആറ് മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ചു. മായാവതിയുടെ ബിഎസ് പി ഒരു സീറ്റിലേക്ക് ചുരുങ്ങിയിരുന്നു.