bhavana

ഐഎഫ്എഫ്‌കെയും ഉദ്ഘാടന ചടങ്ങിൽ ഭാവന എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. ചടങ്ങിൽ ഭാവന പങ്കെടുത്തേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങിന് തൊട്ടുമുൻപായിട്ടാണ് വിശിഷ്ട അതിഥിയായ ഭാവനയെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് വേദിയിലേക്ക് ക്ഷണിച്ചത്.


പോരാട്ടത്തിന്റെ മറ്റൊരു പെൺ പ്രതീകമായ ഭാവനയെ സ്‌നേഹാഭിവാദ്യങ്ങളോടെ വേദിയിലേക്ക് ക്ഷണിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. ഭാവനയെ നിറഞ്ഞ കൈയടികളോടെ, എഴുന്നേറ്റ് നിന്നാണ് സദസ് വരവേറ്റത്.

bhavana

ചലച്ചിത്രമേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഭാവന വ്യക്തമാക്കി. '26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. വേദിയിലേക്ക് ക്ഷണിച്ച രഞ്ജിത് സാറിനും ബീനച്ചേച്ചിക്കും പ്രത്യേക നന്ദി അറിയിക്കുന്നു. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവർക്കും നല്ല സിനിമകള്‍ ആസ്വദിക്കുന്ന എല്ലാവർക്കും, ലിസയെ പോലെ പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും എല്ലാവിധ ആശംസകളും''- ഭാവന പറഞ്ഞു.

പ്രിയപ്പെട്ട ഭാവന, ഞാൻ അ‌ഭിമാനത്തോടെ പറയുന്നു -നിങ്ങൾ കേരളത്തിന്റെ റോൾ മോഡലാണ്' എന്നായിരുന്നു മന്ത്രി സജി ചെറിയാൻ വിശേഷിപ്പിച്ചത്. ഈ ഒറ്റനിമിഷത്തിൻ്റെ പേരിൽ ഇത്തവണത്തെ ഐഎഫ്എഫ്കെ കേരളത്തിൻ്റെ പെൺചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.