
തിരുവനന്തപുരം: കെ റെയിലിൽ വീട് നഷ്ടപ്പെടുന്നവർക്ക് 2013ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഹിയറിംഗ് ചെയ്യാനും പരിഹരിക്കാനും വ്യവസ്ഥയുണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത്. സ്റ്റേക്ക് ഹോൾഡേഴ്‌സിന്റെ പരാതികൾ കേട്ട് പരിഹാരമുണ്ടാക്കിയതിന് ശേഷം മാത്രമേ ഭൂമി കേന്ദ്ര നിയമ പ്രകാരം ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂവെന്നും കാനം പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ വിജയവും പരാജയവും നോക്കിയല്ല ഞങ്ങൾ നിലപാട് സ്വീകരിക്കുന്നത്. പരാജയപ്പെട്ടത് ശബരിമല വിഷയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഞങ്ങൾ എവിടെയും സമ്മതിച്ചുനൽകിയിട്ടില്ല. ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായാണ് സർക്കാർ അക്കാലത്തും നിലകൊണ്ടതെന്ന ആരോപണമുണ്ടെങ്കിലും അതാണ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായതെന്ന് സി പി എമ്മോ, സി പി ഐയോ എവിടെയും പറഞ്ഞിട്ടില്ലെന്നും കാനം പ്രതികരിച്ചു.
സിൽവർ ലൈനിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്നാണ് സംസ്ഥാന സർക്കാർ ആരോപിക്കുന്നത്.