sanjay

അതിർത്തികടന്ന് പാകിസ്ഥാൻ തുടരുന്ന അക്രമങ്ങളിൽ അയവില്ലാതെ വന്നതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ബന്ധത്തിന് വലിയ വിടവാണ് ഉണ്ടായിരിക്കുന്നത്.ലോകകപ്പ് വേദികളിലല്ലാതെ ഇന്ത്യ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് നിർത്തി. ബോളിവുഡിൽ പാക് സിനിമാ താരങ്ങൾക്ക് അഭിനയിക്കാനും വിലക്കുണ്ടായി. 2016ലെ ഉറി ആക്രമണത്തെ തുടർന്ന് ഈ അകൽച്ച വീണ്ടും വർദ്ധിച്ചു.

എന്നാൽ ഇതിനിടെ ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്ത് പാകിസ്ഥാന്റെ മുൻ പ്രസിഡന്റ് പർവേസ് മുഷറഫുമായി കൂടിക്കാഴ്‌ച നടത്തിയത് വലിയ ഒച്ചപ്പാടുണ്ടായിരിക്കുകയാണ്. ദുബായിൽ സന്ദർശനത്തിനിടെയാണ് സഞ്ജയ് ദത്ത് തികച്ചും യാദൃശ്ചികമായി മുഷറഫിനെ കണ്ടുമുട്ടിയത്. വീൽചെയറിലിരിക്കുന്ന മുഷറഫിന്റെയും ആരോടോ കൈ ചൂണ്ടി സംസാരിക്കുന്ന സഞ്ജയ് ‌ദത്തിന്റെയും ചിത്രങ്ങൾ വളരെവേഗം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു.

ഇതോടെ സഞ്ജയ് ദത്തിനെതിരെ കടുത്ത ആക്ഷേപമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നത്. ഒരു ഭീകരൻ മറ്റൊരു ഭീകരനെ കാണുന്നു, ഇന്ത്യൻ സുരക്ഷാ ഏജൻസി ഇതൊന്നും കണ്ടില്ലേ?, ഒരു നടന് കാർഗിൽ യുദ്ധമുണ്ടാക്കിയ ഭീകരനുമായി എന്താണ് ബന്ധം? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ജനങ്ങൾ ചോദിക്കുന്നത്.

ഭരണകാലത്തെ നിരവധി ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുന്ന മുഷറഫ് 2016ലാണ് പാകിസ്ഥാൻ വിട്ടത്. കഴിഞ്ഞ ആറ് വർഷമായി യുഎഇയിൽ ചികിത്സയിലാണ് 78കാരനായ മുഷറഫ്.