sree-m

ലോക സന്തുഷ്‌ടിദിനം ഇന്ന്

...................................

ബാഹ്യസാഹചര്യങ്ങൾക്കൊപ്പം ആടിയുലയാത്ത മനസ് എപ്പോഴും സന്തോഷം പടർത്തും. വേദാന്തങ്ങൾ ശ്രദ്ധാപൂർവം പഠിച്ചാൽ നമുക്കുള്ളിൽ അധിവസിക്കുന്ന അന്തരാത്മാവ് തന്നെയാണ് നമ്മുടെ യഥാർത്ഥ വ്യക്തിത്വമെന്ന് മനസിലാക്കാം. ആ വ്യക്തിത്വത്തിന്റെ ഉൾക്കാമ്പ് അനന്തമായ ആനന്ദമാണ്. ഈ അറിവിനെ പുൽകുന്ന യോഗി താൻ ആനന്ദമെന്ന് അറിയുന്നു.

സുഖദുഃഖങ്ങളാണ് ലോക ജീവിതത്തിന്റെ അടിസ്ഥാന സ്വഭാവം. ഭൗതിക സുഖങ്ങളെ മാത്രം ആശ്രയിക്കുന്ന ഒരാളും സന്തോഷവാനല്ല. ഒരളവ് വരെ ജീവിതത്തിൽ ഭൗതിക സമ്പത്ത് പ്രസക്തമാണെങ്കിലും അതൊരിക്കലും വ്യക്തി അനുഭവിക്കുന്ന സന്തോഷത്തിന്റെ അളവുകോലാവുന്നില്ല. യോഗപാതയിലുള്ള ജീവിതമെന്നാൽ സന്തോഷമെന്നത് ആത്മാവിന്റെ അഗാധതയിൽ നിന്ന് ഉറവ പൊട്ടുന്ന മനസിന്റെ അവസ്ഥയാണെന്ന തിരിച്ചറിവാണ്. അന്തരാത്മാവാണ് യഥാർത്ഥ സന്തോഷമെന്ന് തിരിച്ചറിയാനുള്ള പാഠങ്ങളായി വേണം ജീവിതത്തിലെ കഷ്ടനഷ്ടങ്ങളെ കാണാൻ.
ഭൗതികമായ സുഖസൗകര്യങ്ങൾക്ക് മാത്രമേ സന്തോഷം നൽകാനാവൂ എന്ന അബദ്ധ ധാരണയാണ് ദുഃഖത്തിന്റെ യഥാർത്ഥ കാരണം . അത് മനുഷ്യനെ ബാഹ്യ സാഹചര്യങ്ങളുടെ ആശ്രിതരാക്കി മാറ്റുന്നു. ഈ അബദ്ധധാരണ തിരുത്തപ്പെടുമ്പോൾ ആനന്ദമെന്നത് ആന്തരികാനുഭവമാണെന്ന് ഒരാൾക്ക് ബോദ്ധ്യപ്പെടും. അപ്പോൾ മുതൽ അയാൾ സന്തോഷകരമായ ജീവിതം നയിക്കാൻ തുടങ്ങും.

എന്നും ആനന്ദം

അനുഭവിക്കാം


1. ബാഹ്യാനുഭവങ്ങൾ നിങ്ങളുടെ ആന്തരിക പ്രശാന്തതയെ ബാധിക്കാൻ അനുവദിക്കരുത്.
2. പരാജയങ്ങളുടെ കാരണങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് അവയെ വിജയത്തിലേക്കുള്ള ചവിട്ടുകല്ലുകളാക്കുക.
3. ലളിതവും ആരോഗ്യപ്രദവുമായ ഭക്ഷണം മിതമായ അളവിൽ കഴിക്കുക.
4. സാധാരണ,​ദുഃഖത്തിലേക്കും നിരാശയിലേക്കും നയിക്കുന്ന ശാരീരിക രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ ദിവസവും വ്യായാമവും യോഗാസനങ്ങളും ചെയ്യുക.
5. കഴിയുന്നിടത്തോളം യാത്ര ചെയ്യുക.
6. സാദ്ധ്യമായ എല്ലാരീതിയിലും മറ്റുള്ളവരെ സഹായിക്കുക.
7. ലോകത്തെ പാഠങ്ങൾ പകർന്നു നൽകുന്ന ക്ലാസ്സ് മുറിയായി കാണുക.
8. പുഞ്ചിരിക്കുക. ദയാലുവാകുക .
9. പൊറുക്കാനും മറക്കാനും തയ്യാറാവുക.
10. എല്ലാവരുടെയും സന്തോഷം കാംക്ഷിക്കുക.


സർവ്വേ ഭവന്തു സുഖിനാ: