e-auto

തിരുവനന്തപുരം: തലസ്ഥാന നഗരി 26-ാമത് രാജ്യാന്തര ചലച്ചിത്രമേളുടെ ഓളത്തിലാണ്. രാജ്യത്തുടനീളമുള്ള സിനിമാ ആസ്വാദക‌ർ അനന്തപുരിയിൽ ഒത്ത് കൂടി മേള ആഘോഷമാക്കുകയാണ്. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിലും ലളിതമായി നടത്തിയിരുന്ന മേള ഇത്തവണ പഴയ പ്രതാപത്തിലേയ്ക്ക് മടങ്ങിയെത്തിയിട്ടുണ്ട്. മാര്‍ച്ച് 18 മുതല്‍ 25 വരെ എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

വനിതാ ഡ്രെെവർമാർ ഓടിക്കുന്ന ഇ- ഓട്ടോയാണ് മേളയുടെ ഏറ്റവും വലിയ സവിശേഷത. 10 വനിതാ ഡ്രെെവർമാരാണ് ഇത്തണത്തെ മേളയിലെ ഡെലിഗേറ്റുകളുടെ സാരഥിമാ‌ർ. കൃത്യ സമയത്ത് ഡെലിഗേറ്റുകളെ ഇവർ തിയേറ്ററുകളിൽ എത്തിക്കുന്നു. മേളയുടെ വിജയകരമായ നടത്തിപ്പിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഇവ‌‌ർ നല്ല സിനിമാ ആസ്വാദകർ കൂടിയാണ്.

പലപ്പോഴും ഡെലിഗേറ്റുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ധൃതിക്കിടയിൽ കൃത്യമായി ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടാറില്ലെന്ന് ഇവർ പറയുന്നു. ഒരു തിയേറ്ററിൽ നിന്ന് മറ്റൊരിടത്തേയ്ക്ക് ‌ചലച്ചിത്രപ്രേമികൾ പ്രയാണം തുടരുമ്പോൾ അവർക്കൊപ്പം തന്നെയുണ്ട് ഈ വനിതാ സാരഥിമാർ.

e-auto

ഒറ്റ ചാർജിൽ 80 കിലോമീറ്റർ വരെ ഇ-ഓട്ടോ ഓടിക്കാനാകും. എല്ലായിടത്തും നല്ല തിരക്കാണെന്നാണ് ഓട്ടോ ഡ്രെെവർമാരിലെ ഒരാളായ ബിന്ദു പറയുന്നത്. ഡെലിഗേറ്റുകളുടെ ഭാഗത്ത് നിന്ന് നല്ല സഹകരണമാണുള്ളത്. പലരും വിശേഷങ്ങൾ തിരക്കാറുണ്ടെന്നും ഓട്ടോയെപ്പറ്റി സംസാരിക്കാറുണ്ടെന്നും ബിന്ദു പറഞ്ഞു. സിനിമകളൊക്കെ ഇഷ്ടമാണെങ്കിലും ജീവിതത്തിലെ തിരക്കുകൾ കാരണം തിയേറ്ററിൽ പോയി സിനിമ കാണാനുള്ള അവസരം പലപ്പോഴും ലഭിക്കാറില്ല. ചലച്ചിത്ര മേള നല്ലൊരു വരുമാനമാർഗമാണെന്നും ഇ-ഓട്ടോ ഓടുന്ന പത്ത് പേരും മേളയെ ഒരു അനുഗ്രഹമായി കാണുന്നുവെന്നും ബിന്ദു കൂട്ടിച്ചേർത്തു.

e-auto

യാത്ര ചെയ്യുന്നവർ നല്ല രീതിയിലാണ് തങ്ങളോട് പെരുമാറുന്നതെന്ന് മറ്റൊരു ഡ്രെെവറായ സുനിത പറഞ്ഞു. ചിലപ്പോഴൊക്കെ വെള്ളം പോലും കുടിക്കാൻ സമയം കിട്ടാറില്ലെന്ന് പറയുന്നുവെങ്കിലും ഈ ഡ്രെെവർമാർക്ക് പരിഭവമില്ല. കാരണം ‌എല്ലാവരെയും പോലെ ചലച്ചിത്ര മേളയുടെ വിജയം തന്നെയാണ് സിനിമാ ആസ്വാദകരായ ഇവരുടെയും ലക്ഷ്യം.