
തൊടുപുഴ: സ്വന്തം മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായിട്ടും കുലുക്കമൊന്നുമില്ലാതെ ഇഷ്‌ടഭക്ഷണം തരണമെന്ന് പൊലീസിനു നേരെ ആവശ്യവുമായി ചീനിക്കുഴി കൂട്ടക്കൊല കേസ് പ്രതി ഹമീദ്. എന്നും കഴിക്കാൻ മീനും മാംസാഹാരവും നൽകണമെന്നാണ് ഹമീദ് പൊലീസിനോട് ആവശ്യപ്പെട്ടത്.
സ്വത്ത് തർക്കത്തെ തുടർന്ന് മകനെ കൊലപ്പെടുത്താൻ ഹമീദ് തീരുമാനിച്ചതിന് പിന്നിൽ ഇഷ്‌ടമുളള ഭക്ഷണം തരാത്തതിന്റെ ദേഷ്യവുമുണ്ടായിരുന്നു. ഇക്കാര്യങ്ങൾ കാണിച്ച് മുൻപ് ഹമീദ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭാര്യ മരിച്ചശേഷം ഹമീദ് മറ്റൊരു സ്‌ത്രീയ്‌ക്കൊപ്പമായിരുന്നു താമസം. അടുത്തകാലത്താണ് തിരികെയെത്തിയത്. സ്വത്ത് ഭാഗം വച്ച് നൽകിയതിൽ കുടുംബവീടും പുരയിടവും മരിച്ച മുഹമ്മദ് ഫൈസലിനാണ് നൽകിയത്. പറമ്പിലെ ആദായവും എടുക്കാൻ അനുവദിച്ചു. എന്നാൽ വയസുകാലത്ത് തന്നെ നോക്കുന്നില്ല എന്ന പേരിൽ ഫൈസലുമായി ഹമീദ് വഴക്കുണ്ടാക്കിയിരുന്നു.
ചീനിക്കുഴിയിൽ പച്ചക്കറിവ്യാപാരം നടത്തിയിരുന്ന മുഹമ്മദ് ഫൈസലിന് ഭാഗം വച്ച് നൽകിയ കടകൾ തിരികെ നൽകണമെന്ന് ഹമീദ് ആവശ്യപ്പെട്ടു. മറ്റൊരു മകനുമായും ഹമീദ് തർക്കത്തിലായിരുന്നു. ഫൈസലുമായി വഴക്കും കൈയാങ്കളിയും പതിവായിരുന്നു. കഴിഞ്ഞദിവസം രാവിലെയും കൈയാങ്കളി ഉണ്ടായി. തുടർന്ന് മകനും കുടുംബവും ഉറങ്ങിയ തക്കത്തിന് വീട് പൂട്ടി പെട്രോൾ നിറച്ച കുപ്പിയുമായി വന്ന് ഹമീദ് വീടിന് തീവയ്‌ക്കുകയായിരുന്നു.
ജില്ലയിലെ ഉൾപ്രദേശമായതിനാൽ പെട്രോൾ കരിഞ്ചന്ത ഇവിടെ പതിവായിരുന്നു. മുഹമ്മദ് ഫൈസൽ ഇത്തരത്തിൽ കരിഞ്ചന്തയിൽ വിൽക്കാൻ കരുതിയ പെട്രോളാണ് ഹമീദ് കൊലയ്‌ക്ക് ഉപയോഗിച്ചത്. മകനും കുടുംബവും രക്ഷപെടാതിരിക്കാൻ വീട് പൂട്ടുകയും വീട്ടിലെ വെളളം ഒഴുക്കികളയുകയും ചെയ്‌തു. രാത്രി 12.30ഓടെയാണ് ഹമീദ് മകനെയും ഭാര്യയെയും കൊച്ചുമക്കളെയും കൊലപ്പെടുത്തിയത്.