
ഓക്ലാൻഡ്: വനിതാ ഏകദിന ലോകകപ്പിലെ തങ്ങളുടെ അഞ്ചാം മത്സരത്തിൽ ആസ്ട്രേലിയയോട് ആറു വിക്കറ്റിന് തോറ്റ് ഇന്ത്യ. ഇന്ത്യ ഉയർത്തിയ 278 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് മൂന്നു പന്തുകൾ ബാക്കിനിൽക്കേ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അർദ്ധ സെഞ്ചുറി നേടിയ യസ്തിക ഭാട്ടിയ(59), ക്യാപ്ടൻ മിഥാലി രാജ് (68), ഹർമൻപ്രീത് കൗർ(57 നോട്ടൗട്ട് ) എന്നിവരുടെ മികവിൽ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 277 റൺസെടുത്തത്. റേച്ചൽ ഹൈനസും അലിസ ഹീലിയും ചേർന്ന് ഓപ്പണിംഗിൽ തന്നെ 19.2 ഓവറിൽ 121 റൺസ് നേടിയതോടെ കളി ഓസീസിന്റെ കൈയിലായിരുന്നു. റേച്ചൽ 53 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 43 റൺസെടുത്തു. 65 പന്തുകൾ നേരിട്ട ഹീലി ഒമ്പത് ഫോറടക്കം 72 റൺസ് സ്വന്തമാക്കി. രണ്ട് ഓവറിനിടെ റേച്ചലും ഹീലിയും പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ 103 റൺസ് ചേർത്ത് മെഗ് ലാനിംഗ് - എല്ലിസ പെറി സഖ്യം ഓസീസിനെ വീണ്ടും ട്രാക്കിലാക്കി. 107 പന്തിൽ നിന്ന് 13 ഫോറടക്കം 97 റൺസെടുത്ത മെഗ് ലാന്നിംഗാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. 51 പന്തുകൾ നേരിട്ട പെറി 28 റൺസ് നേടി. പെറി പുറത്തായ ശേഷം ലാന്നിംഗും ബെത്ത് മൂണിയും ചേർന്ന് നാലാം വിക്കറ്റിൽ 44 റൺസ് കൂട്ടിച്ചേർത്തു. 20 പന്തിൽ നിന്ന് നാല് ഫോറടക്കം 30 റൺസെടുത്ത ബെത്ത് മൂണി പുറത്താകാതെ നിന്നു. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളിൽ അഞ്ചാം ജയവുമായി ഓസീസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.അഞ്ച് കളികളിൽ രണ്ട് ജയം മാത്രമുള്ള ഇന്ത്യ നാലാം സ്ഥാനത്താണ്. ആദ്യ നാലു സ്ഥാനക്കാർക്ക് മാത്രമാണ് സെമി ഫൈനൽ പ്രവേശനമെന്നതിനാൽ ദക്ഷിണാഫ്രിക്ക,ബംഗ്ളാദേശ് എന്നിവർക്കെതിരെ അവശേഷിക്കുന്ന ലീഗ് മത്സരങ്ങൾ ജയിച്ചേ മതിയാകൂ എന്ന നിലയിലാണ് ഇന്ത്യ. ചൊവ്വാഴ്ചയാണ് ബംഗ്ളാദേശുമായുള്ള മത്സരം. അടുത്ത ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും.
12
വനിതാ ഏകദിന ലോകകപ്പുകളിൽ ഇന്ത്യൻ ക്യാപ്ടൻ മിഥാലി രാജിന്റെ പന്ത്രണ്ടാം അർദ്ധസെഞ്ച്വറിയാണിത്.ഇക്കാര്യത്തിൽ കിവീസ് താരം ഡബി ഹോക്ലിയുടെ റെക്കാഡിനൊപ്പം മിഥാലിയെത്തി. 63 അർദ്ധസെഞ്ച്വറികൾ മിഥാലി ഏകദിനത്തിൽ നേടിയിട്ടുണ്ട്.
200
ഏകദിനങ്ങൾ കളിക്കുന്ന രണ്ടാമത്തെ താരമായി ജുലാൻ ഗോസ്വാമി ചരിത്രം കുറിച്ചു. 230 ഏകദിനങ്ങൾ കളിച്ച മിഥാലി മാത്രമാണ് ജുലാന് മുന്നിലുള്ളത്. ഏകദിനത്തിൽ 250 വിക്കറ്റുകൾ കഴിഞ്ഞ ദിവസം ജുലാൻ തികച്ചിരുന്നു.