sai-shankar

കൊച്ചി: ദിലീപിനെതിരായ വധഗൂഢാലോചനകേസിൽ തെളിവായ ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ച സംഭവത്തിൽ സൈബർ വിദഗ്ദ്ധന്റെ ഭാര്യയെ ചോദ്യം ചെയ്‌ത് ക്രൈംബ്രാഞ്ച്. കോഴിക്കോട്ടെ ഇവരുടെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ സായി ശങ്കറിനോട് ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഹാജരായില്ല. ഇയാൾ എവിടെയാണെന്ന് ക്രൈംബ്രാഞ്ചിന് വിവരമില്ല. അതേസമയം കൊവിഡ് ലക്ഷണങ്ങളുള‌ളതിനാൽ 10 ദിവസത്തെ സമയം വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കൊവിഡ് പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട യാതൊരു രേഖയും ഇയാൾ ക്രൈംബ്രാഞ്ചിന് നൽകിയിട്ടില്ല.

നാല് ഫോണുകളാണ് ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് ദിലീപ് കോടതിയിൽ ഹാജരാക്കിയത്. ഇതിൽ രണ്ടെണ്ണം മുംബയിലെ ലാബിലും രണ്ടെണ്ണം കൊച്ചിയിൽ വച്ചും ക്രമക്കേട് നടത്തി തെളിവുകൾ നശിപ്പിച്ചതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കൊച്ചിയിൽ ഫോണുകളിലെ തെളിവ് നശിപ്പിക്കാൻ സായി ശങ്കറിന്റെ സഹായം തേടിയെന്നാണ് ക്രൈംബ്രാഞ്ച് അനുമാനം. ഇതിനായി ദിലീപിന്റെ അഭിഭാഷകൻ രാമൻപിള‌ള, കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ, ഒരു ലോഡ്‌ജ് എന്നിവിടങ്ങളിൽ സായി ശങ്കർ പോയതായാണ് ഇവർക്ക് പറയുന്നത്.

തെളിവുകൾ നശിപ്പിക്കാൻ സായി ശങ്കർ ലോഗിൻ ചെയ്‌തത് ഭാര്യയുടെ ഐമാക്‌ ഡസ്‌ക്‌ടോപ് ആയതിനാലാണ് ഇയാളുടെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. വിശദമായ ചോദ്യം ചെയ്യൽ നീണ്ടുനിൽക്കുമെന്നാണ് സൂചനകൾ.