
ചെന്നൈ: സംസ്ഥാനത്തെ വിദ്യാർത്ഥിനികൾക്ക് മികച്ച പഠനസഹായമൊരുക്കി തമിഴ്‌നാട് സർക്കാർ. ധനമന്ത്രി പളനിവേൽ ത്യാഗരാജൻ വെളളിയാഴ്‌ച അവതരിപ്പിച്ച സംസ്ഥാന ബഡ്‌ജറ്റിൽ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥിനികൾക്കും നാലാം ക്ളാസ് മുതൽ പ്ളസ് ടു പാസാകുന്നതുവരെ ധനസഹായം പ്രഖ്യാപിച്ചു. പ്രതിമാസം 1000 രൂപയാണ് സഹായമായി നൽകുക. ബിരുദം, ഡിപ്ളോമ പൂർത്തിയാകുന്നവരെ സർക്കാർ സഹായം ലഭിക്കും.
ഇതുവഴി സംസ്ഥാനത്തെ ആറ് ലക്ഷം വിദ്യാർത്ഥിനികൾക്കാണ് ഉന്നത പഠനത്തിന് സാദ്ധ്യത ലഭിക്കുക. 698 കോടിരൂപയാണ് സർക്കാർ സ്‌കീമിനായി മാറ്റിവച്ചത്. 1989ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ പ്രഖ്യാപനത്തെ പുതുക്കിയാണ് സ്‌റ്റാലിൻ സർക്കാർ പുതിയ പദ്ധതി നടപ്പാക്കുന്നത്. പത്താംക്ളാസ് പാസാകുന്ന പെൺകുട്ടികൾക്ക് 25,000രൂപയും 8ഗ്രാം സ്വർണവും നൽകുന്നതായിരുന്നു അന്നത്തെ പദ്ധതി.
സർക്കാർ സ്‌കൂളുകളിലെ വലിയ ക്ളാസുകളിൽ പെൺകുട്ടികളുടെ എണ്ണം വളരെ കുറവായതിനെ ചെറുക്കാനും ഈ പ്രതിസന്ധി പരിഹരിക്കാനുമാണ് സർക്കാർ പുതിയ സഹായം പ്രഖ്യാപിച്ചത്.