sahal-luna

ഫറ്റോർഡ: ഐ എസ് എൽ ഫൈനലിൽ ഹൈദരാബാദ് എഫ് സിയെ നേരിടാനിറങ്ങുന്ന കേരള ബ്‌ളാസ്റ്റേഴ്സിന് ഒരേസമയത്ത് സന്തോഷവും ആശങ്കയും നിറഞ്ഞ വാർത്തകളാണ് ലഭിക്കുന്നത്. ഫൈനലിൽ കളിക്കാൻ സാദ്ധ്യതയില്ലെന്ന് കരുതിയിരുന്ന മലയാളിതാരം സഹൽ അബ്ദുൾ സമദിന്റെ പരിക്ക് ഗുരുതരമല്ലെന്നും താരം ഒരുപക്ഷേ നാളത്തെ മത്സരത്തിൽ കളിച്ചേക്കുമെന്ന് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് പറഞ്ഞു. അതേസമയം ടീം ക്യാപ്ടൻ അഡ്രിയാൻ ലൂണ നാളത്തെ മത്സരത്തിൽ കളിക്കുന്ന കാര്യം സംശയത്തിലാണെന്നും പരിശീലകൻ സൂചിപ്പിച്ചു. ഫൈനലിന് മുമ്പുള്ള വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു വുകോമാനോവിച്ച്. വാർത്താ സമ്മേളനത്തിൽ ലൂണ പങ്കെടുത്തിരുന്നില്ല.

പരിശീലനത്തിനിടെ ലൂണയ്ക്ക് ചെറുതായി പരിക്ക് പറ്റിയെന്നും അദ്ദേഹം നിലവിൽ മെഡിക്കൽ സംഘത്തോടൊപ്പമാണെന്നും പരിശീലകൻ വ്യക്തമാക്കി. ലൂണയുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് തനിക്ക് അറിയില്ലെന്നും ടീം ഹോട്ടലിൽ മടങ്ങിയെത്തിയതിന് ശേഷം മാത്രമേ ലൂണയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് തനിക്ക് അറിയാൻ സാധിക്കുകയുള്ളൂവെന്നും പരിശീലകൻ പറഞ്ഞു. ലൂണയും സഹലും അടക്കമുള്ള ചില താരങ്ങൾ രാവിലെ മുതൽ മെഡിക്കൽ സംഘത്തോടും ടീമിന്റെ ടെക്നിക്കൽ ഗ്രൂപ്പിനോടും ഒപ്പമായിരുന്നെന്നും അതിനാലാണ് അവർ‌ പത്രസമ്മേളനത്തിന് വരാത്തതെന്നും പരിശീലകൻ പറഞ്ഞു.

അതേസമയം സഹലിന്റെ പരിക്ക് വിചാരിച്ചത് പോലെ ഗുരുതരമല്ലെന്നും അദ്ദേഹത്തിന് നാളത്തെ മത്സരത്തിൽ ഇറങ്ങാൻ സാധിക്കുമെന്ന് കരുതുന്നതായും വുകോമാനോവിച്ച് പറഞ്ഞു. എങ്കിൽ പോലും അവസാന തീരുമാനം മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമായിരിക്കും എടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ലൂണയ്ക്ക് പരിക്കേറ്റ സ്ഥിതിക്ക് നാളെ ബ്‌ളാസ്റ്റേഴ്സിനെ നയിക്കുന്നത് ആരായിരിക്കും എന്ന് പോലും തനിക്കറിയില്ലെന്നും പരിശീലകൻ പറഞ്ഞു.