putin

മോസ്കോ: കഴിഞ്ഞ ദിവസം റഷ്യയിൽ നടന്ന വമ്പൻ റാലിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ധരിച്ചത് പത്ത് ലക്ഷം രൂപയുടെ ലോറാ പിയാന ജാക്കറ്റ്. 13181 അമേരിക്കൻ ഡോളറാണ് ഈയൊരു ജാക്കറ്റിന്റെ വില. ഇത് ഏകദേശം പത്ത് ലക്ഷത്തോളം രൂപയ്ക്ക് മുകളിൽ വരും. ഇന്നലെയാണ് റഷ്യൻ തെരുവുകളിൽ യുക്രെയിൻ അധിനിവേശത്തെ അനുകൂലിക്കുന്നവരുടെ വമ്പൻ പ്രകടനം നടന്നത്. ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിന് പുടിൻ എത്തുകയും ചെയ്തിരുന്നു.

അതേസമയം റഷ്യൻ ജനത ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് പുടിൻ തന്റെ ആർഭാട ജീവിതവുമായി മുന്നോട്ട് പോകുന്നതെന്നതാണ് വിരോധാഭാസം. ഒരു സാധാരണ റഷ്യൻ പൗരൻ ഒരു മാസം സന്പാദിക്കുന്നതിന്റെ 25 ഇരട്ടിയാണ് പുടിൻ ഇന്നലത്തെ റാലിയിൽ അണിഞ്ഞ ആ ജാക്കറ്റിന്റെ വില. വിവിധ രാജ്യങ്ങളും കമ്പനികളും റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം കാരണം റഷ്യയിലെ മിക്ക ഡിസൈനർ ഷോപ്പുകളും പൂട്ടിയ അവസ്ഥയിലാണ്. എന്നിട്ടും പുടിന് എവിടെനിന്നാണ് പുതിയ ജാക്കറ്റ് ലഭിച്ചതെന്നത് ഇപ്പോഴും കണ്ടെത്തിയിട്ടില്ല.

കഴിഞ്ഞ മാർച്ച് 11 വരെ കണക്കുകൾ അനുസരിച്ച് റഷ്യയിലെ വാർഷിക പണപ്പെരുപ്പം 12.54 ശതമാനം വരെ ഉയർന്ന അവസ്ഥയിലാണ്. റഷ്യയിലെ സാമ്പത്തിക വിദഗ്‌ദ്ധർ ഈ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യാമെന്ന ആലോചനയിലാണ്.