
തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിക്ക് കൺസൾട്ടൻസി കമ്പനിയെ നിയമിച്ചതിൽ അഴിമതിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഫ്രഞ്ച് കമ്പനിക്ക് കരാർ നൽകിയതിൽ കമ്മിഷനുണ്ടെന്നും മുഖ്യമന്ത്രി നേരിട്ടാണ് ഇടപാട് നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു. അഞ്ച് ശതമാനമാണ് കൺസൾട്ടൻസിയുടെ കമ്മിഷൻ. കരിമ്പട്ടികയിൽ പെട്ട ഫ്രഞ്ച് കമ്പനിക്കാണ് കരാർ. പദ്ധതിക്ക് വിദേശ വായ്പ കിട്ടാനുള്ള യാതൊരു സാദ്ധ്യതയുമില്ലെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാർ തിടുക്കപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നത് പണയം വയ്ക്കാനാണെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം ആരെതിർത്താലും നടപ്പാക്കുമെന്ന് പറയുന്ന കാര്യങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. നമുക്ക് വേണ്ടിയെന്നല്ല നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഈ പദ്ധതികൾ. ഇപ്പോൾ വേണ്ടെന്ന് പറയുന്നവരോട് പിന്നെ എപ്പോൾ എന്ന ചോദ്യമാണ് ഉള്ളത്. ഇപ്പോൾ ചെയ്യേണ്ടത് ഇപ്പോൾ ചെയ്യണം. നാളെ ചെയ്യേണ്ടത് നാളെ ചെയ്യണമെന്നും പിണറായി വിജയൻ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ സമരത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി യുദ്ധത്തിനില്ല. പ്രതിപക്ഷം കേരളത്തിൽ നന്ദിഗ്രാം സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.