
കോഴിക്കോട്: സിൽവർ ലൈൻ സർവേയുടെ പേരിൽ കേരളത്തിൽ നടക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം സർവേ നടപടിയ്ക്കിടെ പൊലീസ് അതിക്രമം നടന്ന കോഴിക്കോട് കല്ലായിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ കൈയേറ്റം ചെയ്യാൻ പുരുഷന്മാരായ പൊലീസുകാർക്ക് ആരാണ് അധികാരം നൽകിയത്. കൊച്ചുകുട്ടികളെ സമരരംഗത്ത് ഇറക്കിയെന്ന പേരിൽ സ്ഥലം നഷ്ടപ്പെടുന്നവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. പൊലീസിനെ ഉപയോഗിച്ച് പാവങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ബി.ജെ.പി ചെറുത്ത് തോൽപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.