kinzhal

മോസ്കോ: ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത പദ്ധതിയായിരുന്നു ബ്രഹ്മോസ് മിസൈലുകൾ. ചൈന ഇപ്പോഴും ഇന്ത്യയെ ആക്രമിക്കാൻ ഭയക്കുന്നതിന്റെ പ്രധാന കാരണവും ബ്രഹ്മോസ് തന്നെയാണ്. ഇത്രയേറെ മാരക പ്രഹരശേഷിയുള്ള മിസൈൽ എന്നാൽ ഇന്ത്യ മാത്രമാണ് ഉപയോഗിക്കുന്നത്. ഇന്ത്യയെ പോലെ തന്നെ ആ മിസൈൽ ഉപയോഗിക്കാൻ റഷ്യയ്ക്കും അവകാശമുണ്ട്. കാരണം, ബ്രഹ്മോസ് മിസൈലിന്റെ സാങ്കേതിക വിദ്യ റഷ്യയാണ് ഇന്ത്യയ്ക്ക് കൈമാറിയത്. ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്കോ നദിയുടെയും പേരുകൾ യോജിപ്പിച്ചാണ് ബ്രഹ്മോസ് എന്ന് പേര് നൽകിയത് തന്നെ.

എന്നാൽ ഇന്നേവരെ റഷ്യ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിക്കാൻ തുനിഞ്ഞിട്ടില്ല. അതിന് കാരണം അതിലും മാരകമായ മിസൈൽ റഷ്യയുടെ പക്കൽ ഉണ്ടെന്നത് തന്നെ കാരണം. പക്ഷേ, കിൻഴാൽ എന്ന ഈ ഹൈപ്പർസോണിക് മിസൈൽ ഇതുവരെ റഷ്യ ഉപയോഗിച്ചിരുന്നില്ല എന്നതിനാൽ തന്നെ ഈ ആയുധം എത്രത്തോളം മാരകമാണെന്നതിനെ കുറിച്ച് ശത്രുരാജ്യങ്ങൾക്ക് വലിയ ധാരണയുണ്ടായിരുന്നില്ല.

എന്നാൽ കഴിഞ്ഞ ദിവസം റഷ്യ യുക്രെയിനിലെ ഭൂമിക്കടിയിലുള്ള ഒരു ആയുധപുര തകർക്കാൻ കിൻഴാൽ മിസൈലുകൾ ഉപയോഗിച്ചിരുന്നു. അപ്പോൾ മാത്രമാണ് റഷ്യയുടെ പക്കലുള്ള ഈ ആയുധം എത്രത്തോളം മാരകമാണെന്ന് മറ്റുള്ളവർക്ക് ബോദ്ധ്യമായത്. ഭൂമിക്കടിയിലായിരുന്നിട്ട് കൂടി ആ ആയുധ ഗോഡൗൺ പരിപൂർണമായി നശിപ്പിക്കാൻ ഈ മിസൈലിന് സാധിച്ചിരുന്നു. ശബ്ദത്തെക്കാൾ പത്തിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഈ ഹൈപ്പർസോണിക്ക് മിസൈലുകളെ കണ്ടെത്താൻ എയർ ഡിഫൻസ് സംവിധാനങ്ങൾക്കൊന്നും സാധിക്കില്ലെന്നതും ഇതിനെ കൂടുതൽ അപകടകാരിയാക്കുന്നു.

റഷ്യയുടെ ഏറ്റവും മികച്ച ആയുധമെന്നാണ് പ്രസിഡ‌ന്റ് വ്‌ളാദിമിർ പുടിൻ കിൻഴാൽ മിസൈലിനെ വിശേഷിപ്പിച്ചത്. ആണവായുധങ്ങൾ വഹിക്കാൻ സാധിക്കുന്ന കിൻഴാൽ മിസൈലുകൾ ടി യു 22 എം 3 ബോംബർ വിമാനങ്ങളിൽ നിന്നും മിഗ് 31 കെ വിമാനങ്ങളിൽ നിന്നും വിക്ഷേപിക്കാൻ സാധിക്കും. 2000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന ഈ മിസൈലുകൾക്ക് ഇനിയും പുറത്ത് വിടാത്ത നിരവധി പ്രത്യേകതകളുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. യുക്രെയിനിൽ കിൻഴാൽ മിസൈലുകൾ പ്രയോഗിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം തന്നെയാണ് വാർത്താകുറിപ്പിലൂടെ അറിയിച്ചത്. യുക്രെയിനിൽ മാരക ആയുധങ്ങളൊന്നും പ്രയോഗിക്കുന്നില്ലെന്നായിരുന്നു ഇതുവരെയും റഷ്യ ഔദ്യോഗികമായി അറിയിച്ചിരുന്നത്.