
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗവും ഹാരി രാജകുമാരന്റെ ഭാര്യയുമായ മെഗാൻ മാർക്കലിനൊപ്പം കിടക്ക പങ്കിട്ടതായി വെളിപ്പെടുത്തിയാൽ തനിക്ക് ഒരു ബ്രിട്ടീഷ് ടാബ്ളോയിഡ് 70,000 അമേരിക്കൻ ഡോളർ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നതായി ഹോളിവുഡ് നടനും മോഡലുമായ സൈമൺ റെക്സ്. എന്നാൽ താൻ ടാബ്ലോയിഡിന്റെ ഓഫർ നിരസിച്ചെന്ന് സൈമൺ റെക്സ് പറഞ്ഞു.
ടാബ്ലോയിഡ് തനിക്ക് ഈ ഓഫർ നൽകുമ്പോൾ താൻ കടക്കെണിയിലായിരുന്നെന്നും എന്നാൽ ആഹാരം പോലും വാങ്ങാൻ സാധിക്കാത്ത അവസ്ഥയിൽ ആയാൽ പോലും ഇത്തരമൊരു ഓഫർ താൻ സ്വീകരിക്കില്ലായിരുന്നുവെന്ന് സൈമൺ പറഞ്ഞു. 2005ൽ സൈമണും മെഗാനും ഒരു ടി വി ഷോയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ടാബ്ളോയിഡ് തനിക്ക് ഇത്തരമൊരു ഓഫർ നൽകിയ കാര്യവും താൻ അത് നിരസിച്ച വിവരവും പിന്നീട് മെഗാൻ അറിയുകയും തനിക്ക് നന്ദി അറിയിച്ച് കൊണ്ട് ഒരു കത്ത് അയച്ചതായും സൈമൺ പറഞ്ഞു. മനുഷ്യത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നായിരുന്നു മെഗാന്റെ കുറിപ്പ്.
മെഗാനും താനും മികച്ച സുഹൃത്തുക്കളാണെന്നും ടി വി പരമ്പരയിൽ അഭിനയിച്ചിരുന്ന സമയത്ത് ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് തങ്ങളെ കുറിച്ച് ഓരോ കഥകൾ പ്രചരിക്കാൻ തുടങ്ങിയതെന്നും സൈമൺ വ്യക്തമാക്കി. ഇത് ആദ്യമായല്ല മെഗാൻ മാർക്കലും ഹാരി രാജകുമാരനും ടാബ്ളോയിഡുകളുമായി കൊമ്പുകോർക്കുന്നത്. ഇത്തരം മാദ്ധ്യമങ്ങൾക്കെതിരെ ഇരുവരും ഇതിനുമുമ്പും നിരവധി കേസുകൾ നൽകിയിട്ടുണ്ട്.