
ഇസ്ലാമാബാദ് : പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന് കനത്ത പ്രഹരമേൽപ്പിച്ച് സ്വന്തം പാർട്ടിയിൽ നിന്നുതന്നെ പടപുറപ്പാട്. ഇമ്രാൻഖാൻ രാജിവയ്ക്കാതെ പാകിസ്ഥാനിലെ പ്രതിസന്ധി തീരില്ലെന്ന് പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് സ്ഥാപകാംഗമായ നജീബ് ഹാറൂൺ പരസ്യമായി ആവശ്യപ്പെട്ടു. ഇമ്രാൻഖാൻ പദവി ഒഴിഞ്ഞ് മറ്റൊരു പാർട്ടി നേതാവിനെ സ്ഥാനം ഏൽപ്പിക്കണമെന്നും ജിയോ ന്യൂസ് പ്രോഗ്രാമിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
2023 വരെ തുടരാൻ ഈ തീരുമാനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്യുമെന്ന് ഭരണകക്ഷിയിലെ രണ്ട് ഡസനോളം അംഗങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നജീബ് ഹാറൂണിന്റെയും പ്രസ്താവന പുറത്തുവന്നത്. പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ചെന്നും അടുത്ത തിരഞ്ഞെടുപ്പിൽ പി.ടി.ഐ ടിക്കറ്റിൽ മത്സരിക്കില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. മൂന്നു മന്ത്രിമാർ പി.ടി.ഐ വിട്ടതായും അവരിലൊരാൾ പറഞ്ഞു.
മാർച്ച് എട്ടിനാണ് പാകിസ്ഥാൻ തെഹ്‌രികെ ഇൻസാഫിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം സമർപ്പിച്ചത്. പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പി.എം.എൽ-എൻ), പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി.പി.പി) എന്നിവർ പരസ്പരമുള്ള എതിർപ്പ് മാറ്റിവെച്ച് ഇമ്രാനെ പുറത്താക്കാൻ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ് എന്ന ബാനറിന് കീഴിൽ അണിനിരക്കുകയായിരുന്നു. ഇമ്രാനെ പുറത്താക്കാമെന്ന് പ്രതിപക്ഷം കരുതുമ്പോൾ സ്ഥാനം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. അവിശ്വാസ പ്രനമേയം ചർച്ച ചെയ്യാനായുള്ള ദേശീയ അസംബ്ലി മാർച്ച് 21 ന് ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും വോട്ടെടുപ്പ് മാർച്ച് 28 ന് നടക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്റർ നാഷണൽ മോണിറ്ററി ഫണ്ടിൽ നിന്നും കടമെടുത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ് പാകിസ്താൻ. വായ്പകൾ പെരുകുകയും പാകിസ്താന്റെ സാമ്പത്തിക സ്ഥിതി ദുർബലമാവുകയും ചെയ്തതോടെ ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുളള സർക്കാർ വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടുകയാണ്. രാജ്യം ഭരിക്കാൻ വിദേശ ഫണ്ടുകളെ അമിതമായി ആശ്രയിക്കുന്നതും അഴിമതിയും കാരണം സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.