m-venkaiah-naidu

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിൽ 'കാവിവൽക്കരണം' വരുന്നതിൽ എന്താണ് കുഴപ്പമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. കേന്ദ്ര സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ കാവിവൽക്കരിക്കുകയാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.


വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ 'ഭാരതീയവൽക്കരണം' പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമാണെന്ന് നായിഡു പറഞ്ഞു. ഉത്തരാഖണ്ഡിൽ ദേവ് സംസ്‌കൃതി സർവകലാശാലയിൽ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പീസ് ആൻഡ് റീകൺസിലിയേഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടിഷ് അധിനിവേശ കാലത്തു കൊണ്ടുവന്ന ഇംഗ്ലിഷ് മീഡിയം വിദ്യാഭ്യാസ രീതി ഒഴിവാക്കണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. ഇന്ത്യൻ സ്വത്വത്തിലും സംസ്‌കാരത്തിലും അഭിമാനം കൊള്ളുന്നതിൽ ഒരു കുഴപ്പവുമില്ല. കൊളോണിയൽ ചിന്താഗതിയാണ് ഒഴിവാക്കേണ്ടത്. ഭാരതീയവൽക്കരണമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാതലെന്നും, മാതൃഭാഷകൾക്ക് അതു പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.