ഇതേവരെ അവതരിപ്പിക്കാത്ത ആറ് കഥാപാത്രങ്ങളിൽ ആദ്യമായി പ്രിയങ്ക നായർ

priyanka

ടൈറ്റാനിക്കിലെ റോസിനെ ഒാർമ്മപ്പെടുത്തി ഒരു മഞ്ഞു പോലെ പ്രിയങ്ക നായർ . ഹോട്ട് പിങ്ക് നിറം ക്രോപ് ടോപ്പ് പ്രിയങ്കയെ സുന്ദരിയാക്കുന്നു. ക്രോപ് ടോപ്പിന് അനുയോജ്യമായ ഷോർട്ട് സ് കർട്ടും ഷൂസും. ഹോളിവുഡ് നായികമാരുടെ ലുക്കിനെ ഒാർമ്മപ്പെടുത്തുന്ന ഹെയർ സ്റ്രെൽ. ഇതേവരെ കാണാത്ത രൂപഭാവത്തിൽ ആദ്യമായി പ്രിയങ്ക നായർ. തിരുവനന്തപുരം ആക്കുളത്ത് ഡിപി ലൈഫ് സ്റ്റെൽ ഹബ്ബ് ആണ് ലൊക്കേഷൻ. പ്രിയങ്കയുടെ അഭിനയയാത്ര പതിനാറു വർഷം പിന്നിടുകയാണ്. എന്നാൽ പുതുവർഷത്തിന് ഒരു പ്രത്യേകതയുണ്ട്. ഇതേവരെ അവതരിപ്പിക്കാത്ത കഥാപാത്രങ്ങളും ഇതേവരെ ഒപ്പം അഭിനയിക്കാത്ത താരങ്ങൾക്കും ഒപ്പം ശക്തമായ പകർന്നാട്ടം നടത്തിയ ആറ് സിനിമകൾ പ്രേക്ഷകർക്ക് മുന്നിലേക്ക് വരാൻ പോവുന്നു. എല്ലാവരും ഒന്നിന് പിറകെ ഒന്നായി വരുന്നതിന്റെ ആഹ്ളാദം പ്രിയങ്ക നായരുടെ മുഖത്ത് പറ്റികിടപ്പുണ്ട്.

ലാലേട്ടനൊപ്പം എന്റെ ആനി

ഏറെ നിഗൂഢത നിറഞ്ഞ ചിത്രമാണ് ട്വൽത്ത് മാൻ . ഇവിടം സ്വർഗമാണ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങൾക്കുശേഷം ലാലേട്ടനൊപ്പം വീണ്ടും . ആനി എന്ന നായിക കഥാപാത്രം ഏറെ അഭിനയ സാധ്യത നിറഞ്ഞതാണ്. അഭിനയത്തിന്റെ വിവിധ തലത്തിലൂടെ സഞ്ചരിക്കുന്ന കഥാപാത്രം.ആനിയെ പോലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കാത്തിരിക്കുകയായിരുന്നു. സംവിധായകൻ ജീത്തുവേട്ടന്റെ സിനിമയിൽ ആദ്യമായാണ് അഭിനയിക്കുന്നത്. അനു സിതാര, അനുശ്രീ, അദിതി രവി, ശിവദ, ലിയോണ ലിഷോയ്, അനുമോഹൻ, ചന്തുനാഥ്, എന്നിവരോടൊപ്പം ആദ്യം .ഉണ്ണിമുകുന്ദനൊപ്പം അഭിനയിക്കുന്നതും ആദ്യം.എല്ലാവരും നല്ല സുഹൃത്തുക്കളായി മാറി. ഒരൊറ്റ ലൊക്കേഷൻ. അധികവും രാത്രിയായിരുന്നു ഷൂട്ടിംഗ്. ഒരേ മനസോടെ ‌ഞങ്ങൾ എല്ലാവരും ഇരുപത്തി അഞ്ചു ദിവസം ഒന്നിച്ചു.

സൈക്കോ ചിത്ര

പരീക്ഷണം നിറഞ്ഞ സൈക്കോ ത്രില്ലറാണ് അന്താക്ഷരി.സൈജു ചേട്ടൻ അവതരിപ്പിക്കുന്ന ദാസ് എന്ന കഥാപാത്രത്തിന്റെ ഭാര്യ ചിത്ര. നഴ്സിനെ അവതരിപ്പിക്കുന്നത് ആദ്യം.ഡോക്ടർ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നഴ്സ് ഇതേവരെ വരാത്തത് എന്തായിരിക്കുമെന്ന് പലപ്പോഴും ആലോചിച്ചു. ലോക് ഡൗൺ സമയത്തായിരുന്നു ചിത്രീകരണം. അഭിനയ ജീവിതത്തിൽ വഴിത്തിരിവു സൃഷ്ടിക്കുമെന്ന പ്രതീക്ഷ നൽകുന്ന സിനിമയാണ് അന്താക്ഷരി. അത്രമാത്രം പുതുമയുണ്ട് കഥാപാത്രത്തിന്. ചിത്ര എന്ന കഥാപാത്രത്തിലൂടെയാണ് അന്താക്ഷരി കടന്നു പോവുന്നത്. കഥ കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു.വിഷുവിന് അന്താക്ഷരി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

സുരാജേട്ടന്റെ ഭാര്യ വേഷം

പൃഥ്വിരാജ്, സുരാജേട്ടൻ, സംവിധായകൻ ഡിജോ, നിർമ്മാണം ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ടീമിന്റെ ഭാഗമാവാൻ കഴിയുന്നതിന്റെ സന്തോഷം വലുതാണ്. ജനഗണമന എന്ന ചിത്രത്തിൽ സുരാജേട്ടന്റെ ഭാര്യ വേഷം. ആദ്യമായാണ് സുരാജേട്ടനൊപ്പം അഭിനയിക്കുന്നത്. എന്നാൽ ലഭിച്ചത് ഏറെ പ്രത്യേകത നിറഞ്ഞതും പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്നതുമായ കഥാപാത്രം.ഏറെ ആസ്വദിച്ചാണ് അഭിനയിച്ചത്. ക്വീൻ കണ്ടപ്പോൾ മുതൽ ഡിജോയുടെ സിനിമയുടെ ഭാഗമാവണമെന്ന് ആഗ്രഹിച്ചു.എല്ലാം ഒരേപോലെ സാധിച്ചതിൽ ഒരുപാട് സന്തോഷം.

ചക്രകസേരയിൽ ബൃന്ദ ഗോപാലൻ

വരാൽ സിനിമയിലെ ബൃന്ദ ഗോപാലൻ ശക്തയാണ്. ഭിന്നശേഷിയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആദ്യം. സ്വന്തം ചക്ര കസേരയിൽ കഴിയുമ്പോഴും നിലപാടിൽ ഉറച്ചു നിൽക്കുന്ന വ്യക്തത നിറഞ്ഞ സ്ത്രീ എന്നത് എന്നെ ഏറെ ആകർഷിച്ചു. പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിന്റെ ഭാഗമാകുന്നതും ആദ്യം.വൻതാരനിരയുണ്ട്. കണ്ണൻ താമരക്കുളം ആണ് സംവിധാനം. അനൂപേട്ടനാണ് വരാലിൽ നായകൻ. മേഘം സീരിയലിലാണ് അനൂപേട്ടനൊപ്പം ആദ്യം അഭിനയിക്കുന്നത്. വെളിപാടിന്റെ പുസ്തകത്തിൽ ഞങ്ങൾ നായകനും നായികയുമായി. വീണ്ടും ഒന്നിച്ചു അഭിനയിക്കാൻ സാധിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന മീര

മീര എന്ന എന്റെ ഒറ്റ കഥാപാത്രത്തിലൂടെയാണ് ആ മുഖം സിനിമയുടെ സഞ്ചാരം. മലയാളത്തിലും തമിഴിലുമാണ് ആ മുഖം ഒരുങ്ങുന്നത്. ഒന്നര മണിക്കൂർ നേരം സ്ക്രീനിൽ ഞാൻ മാത്രം. അതിന്റെ വെല്ലുവിളിയുണ്ട്. ഒപ്പം സന്തോഷം. ദേശീയ- സംസ്ഥാന പുരസ്കാര ജേതാക്കളുടെ ഒരു നിര ആ മുഖത്തിന് പിന്നിലുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണ് മീര. അവരുടെ മാനസികാവസ്ഥ. ഒരു പകൽനിന്നു അടുത്ത പകൽ വരെ മീര കടന്നുപോകുമ്പോൾ അവിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചിലതുണ്ട്. 15 ദിവസത്തിനകം രണ്ട് ഭാഷകളിൽ സിനിമ. കുറെ ദിവസം മീര എന്റെ ഉള്ളിൽത്തന്നെ ഉണ്ടായിരുന്നു. തമിഴിൽ ആഴം എന്ന പേരിലാണ് എത്തുക.

വിവേക് ഒബ്റോയ്‌യുടെ ഭാര്യ തങ്കം

പൃഥ്വിരാജിനൊപ്പം കോമ്പിനേഷൻ സീൻ ആദ്യം. ഷാജി കൈലാസ് സാറിനും സുഹൃത്തും തിരകഥാകൃത്തുമായ ജിനു എബ്രഹാമിനും ഒപ്പം ആദ്യ സിനിമ. വിവേക് ഒബ്റോയിക്കൊപ്പം ആദ്യം. കടുവ എന്ന ചിത്രം എനിക്ക് പല രീതിയിൽ പ്രിയപ്പെട്ടതാണ് തങ്കം ജോസഫ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വിവേക് ഒബ്റോയ് യുടെ ഭാര്യ വേഷം.കമ്പനി മുതൽ വിവേകിന്റെ സിനിമകൾ കണ്ടതാണ്. പ്രതിഭാധനരായ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം. തങ്കം ജോസഫിനെ അവതരിപ്പിച്ചപ്പോൾ പരിചിതമെന്ന് തോന്നി.


ഫ്ളാഷ് മുവീസിന്റെ ഫോട്ടോ ഷൂട്ടിന് ഡസ്റ്റി റോസ് ബ്രൈഡൽ ലഹങ്ക അണിഞ്ഞ് പ്രിയങ്ക. അപൂർ‌വ്വ നിറം നിറഞ്ഞ ലഹങ്ക.

പത്തു ദിവസം മുപ്പതു ആളുകൾ കൈ കൊണ്ട് കരവിരുത് തീർത്തതിന്റെ മൊഞ്ച് ആദ്യ കാഴ്ചയിൽ തന്നെ തോന്നിപ്പിക്കുന്നു.ലഹങ്കയ്ക്ക് കിടപിടിക്കുന്ന ആഭരണങ്ങൾ തന്നെ കൈയിലും കഴുത്തിലും കയറി. പ്രിയങ്കയെ അണിയിച്ചൊരുക്കുന്നതിൽ മുഴുകി കോസ്റ്റ്യു ഡിസൈനറും സ്റ്റൈലിസ്റ്റുമായ അന്നു നോബി.ആ മുഖം എന്ന പ്രിയങ്ക ചിത്രത്തിന് വസ്ത്രാലങ്കാരം ഒരുക്കി അന്നു നോബി ആദ്യമായി വെള്ളിത്തിരയിൽ ഇടം പിടിച്ചതിന്റെ ടൈറ്റിൽ കാർഡ് അടുത്ത മാസം തെളിയും.അരുൺ ദേവിന്റെ കാമറയുടെ മുന്നിൽ പോസ് ചെയ്യുന്ന പ്രിയങ്ക.

സ്വപ്നം മമ്മുക്ക സിനിമ ( ബോക് സ്)

അഭിനയ യാത്ര പതിനാറു വർഷം പിന്നിടുമ്പോഴും മമ്മുക്ക സിനിമയുടെ ഭാഗമാവാൻ ഇതേവരെ കഴിഞ്ഞില്ല. ഒരു മമ്മുക്ക സിനിമയിൽ അഭിനയിക്കണമെന്നത് സ്വപ്നമായി തുടരുന്നു. എത്രയോ വർഷമായി മനസിൽ സൂക്ഷിക്കുന്ന ആഗ്രഹം.ഒരു ദിവസം അത് സംഭവിക്കുമെന്നാണ് പ്രതീക്ഷ. മമ്മുക്കയുടെ സിനിമയിൽ അഭിനയിക്കുക എല്ലാവരുടെയും ആഗ്രഹമാണല്ലോ.