സുരാജ് വെഞ്ഞാറമൂട് ,ആൻ അഗസ്റ്റിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി എം. മുകുന്ദന്റെ തിരക്കഥയിൽ ഹരികുമാർ സംവിധാനം ചെയ്യുന്ന ഒാട്ടോറിക്ഷാക്കാരന്റെ ഭാര്യ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ

auto

സജീവൻ, വയസ് 35 പിന്നിട്ടു.

മാഹിയിലെ ഒാട്ടോ ഡ്രൈവറാണ് സജീവൻ. വളർത്തുദോഷമാണോയെന്നറിയില്ല സജീവൻ അലസനാണ്. ഒന്നിനോടും ഉത്തരവാദിത്വമില്ല. ഒാട്ടം വിളിച്ചാൽ പോവാതെ ഒാട്ടോയിൽ കിടന്നുറങ്ങുന്നതാണ് ശീലം. ഇനി ഒാട്ടം പോയാൽ കണക്ക് പറഞ്ഞു കാശ് വാങ്ങാൻ അറിയില്ല. മയ്യഴിപ്പുഴ പോലെ ഒഴുകുന്നതാണ് സജീവന്റെ ജീവിതം. ഇൗ ജീവിതം കാരണം സജീവൻ അവിവാഹിതനായി തുടരുന്നു. അമ്മയാണ് സജീവന്റെ ആൽമരം. പെണ്ണ് കാണാൻ പോവുന്നത് സജീവൻ ഒഴിവാക്കി വിടുന്നതാണ് ശീലം. ആ സമയത്തും ഉറങ്ങി. 35 വർഷം കുടുംബസമേതം ഫ്രാൻസിലായിരുന്ന അമ്മാവൻ ഫ്രഞ്ച് വാസു ആണ് പ്രധാന ബന്ധു ബലം. സംസാരിക്കാൻ തുടങ്ങിയാൽ ഫ്രഞ്ച് വാക്കുകൾ വരും. ഫ്രഞ്ച് വേഷവിധാനത്തിൽ ജീവിക്കുന്ന വാസു ഇപ്പോഴും ഫ്രാൻസിന്റെ ഒാർമ്മയിൽ തന്നെ. ഫ്രഞ്ച് വാസു മുൻകൈയെടുത്ത് നടത്തുന്ന പെണ്ണുകാണൽ ചടങ്ങാണ് ഇനി. തലശേരിക്കടുത്ത് ചൊക്ളിയിൽ കേശവൻ വൈസ്യരുടെ മകൾ രാധികയാണ് പെണ്ണ്. വയസ് 27 ബി.എ ബിരുദധാരി.

രാധിക : ഒാട്ടോ സ്വന്തമാണോ?

സജീവൻ : കൂലിക്ക് ഒാടിക്കാറില്ല

രാധിക : അടവുണ്ടോ?

സജീവൻ : ഏയ്... സ്വന്തം

രാധിക : ഒാട്ടോയുടെ പേര് എന്താ ?

സജീവൻ : ദിവ്യ മോൾ

ചിരിയോടെ രാധിക : അത് ആരാ ?

സജീവൻ : എന്നെങ്കിലും ഒരു മോൾ ഉണ്ടായാൽ ദിവ്യമോൾ എന്ന് പേരിടും. ജോലിക്ക് പോകുന്നുണ്ടോ ?

രാധിക : തലശേരിയിൽ തുണിക്കടയിൽ ജോലിയുണ്ടായിരുന്നു. ഒരു ദിവസം വൈകിട്ട് കണക്കിന്റെ പുസ്തകം നോക്കാൻ വിളിപ്പിച്ച മുതലാളി എന്റെ ചെരിപ്പിന്റെ ചൂട് അറിഞ്ഞു. അന്ന് ജോലി വേണ്ടെന്നുവച്ചു. (നടുങ്ങുന്ന സജീവൻ)

സജീവന്റെ ജീവിതപാതിയായി രാധിക. കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ ഗർഭനിരോധന ഉറ സ്വയം വാങ്ങി രാധിക അതിനുവേണ്ട മുൻകരുതൽ സ്വീകരിച്ചു. രാധികയുടെ വരവിനുശേഷം സജീവന്റെ ജീവിതം ആകെ മാറി. ഒരു ഘട്ടത്തിൽ രാധിക സജീവന്റെ ദിവ്യമോൾ എന്ന ഒാട്ടോറിക്ഷയുടെ ഡ്രൈവറായി മാറേണ്ടി വന്ന സാഹചര്യം എത്തിച്ചേർന്നു. സുരാജ് വെഞ്ഞാറമൂടും ആൻ അഗസ്റ്റിനും ആണ് സജീവനും രാധികയും. സജീവന്റെ അമ്മ വേഷം അവതരിപ്പിക്കുന്നത് മനോഹരി ജോയി ആണ്. ഫ്രഞ്ചു വാസുവിനെ ജനാർദ്ദനൻ അവതരിപ്പിക്കുന്നു. ''സ്ത്രീ ശാക്തീകരണത്തിന്റെ പ്രതിനിധി ആണ് രാധിക. പുതിയ കാലത്തിന്റെ പെണ്ണ്. പുതിയ കാലത്തിന്റെ കഥ .പുതിയ അവതരണം,​ യാഥാർത്ഥ്യത്തിലേക്ക് സജീവിനെ കൊണ്ടു വരാൻ രാധിക നടത്തുന്ന ശ്രമങ്ങൾ .''സംവിധായകൻ ഹരികുമാർ പറഞ്ഞു. എം. മുകുന്ദന്റെ ആദ്യ തിരക്കഥയാണ് ഒാട്ടോറിക്ഷാക്കാരന്റെ ഭാര്യ. എൺപതാം വയസിൽ നവാഗതൻ എന്നാണ് പുതിയ ചുവടുവയ്പ്പിനെ എം. മുകുന്ദൻ വിശേഷിക്കുന്നത്. എം.മുകുന്ദന്റെ പ്രശസ്ത ചെറുകഥ ഒാട്ടോറിക്ഷാക്കാരന്റെ ഭാര്യയുടെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. ''എം. മുകുന്ദനും ഛായാഗ്രാഹകൻ അഴകപ്പനും സംഗീത സംവിധായകൻ ഒൗസേപ്പച്ചനും എഡിറ്റർ അയൂബ് ഖാനും ഒപ്പം ഞാൻ ആദ്യമായാണ് പ്രവർത്തിക്കുന്നത്.'' സംവിധായകൻ ഹരികുമാർ പറഞ്ഞു. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ കൈലാഷ്, ദേവി അജിത്, നീന കുറുപ്പ്, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു താരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ,ബേനസീർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഗാനങ്ങൾ - പ്രഭാവർമ്മ.കല ത്യാഗു തവനൂർ,മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, പരസ്യകല ആന്റണി സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കൂത്തുപറമ്പ്, പ്രൊഡക്ഷൻ മാനേജർ വിബിൻ മാത്യു, റാഷിദ് ആനപ്പടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടർ ഗീതാഞ്ജലി ഹരികുമാർ. പി.ആർ. ഒ എ. എസ് ദിനേശ്.