jebi-thomas

കൊച്ചി: നടൻ ദിലീപിനൊപ്പമുള്ള സെൽഫിയിൽ വിശദീകരണവുമായി രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ. നഗരസഭാ പരിപാടിക്കിടെയാണ് ദിലീപിനൊപ്പം സെൽഫിയെടുത്തതെന്നും ഇത് സാധാരണ നടപടിയാണെന്നും ജെബി വ്യക്തമാക്കി.

സെൽഫിയെടുത്തതിൽ വിഷമമില്ലെന്നും അവർ പറഞ്ഞു. ദിലീപിന്റെ കേസ് കോടതിയിലിരിക്കുന്ന വിഷയമാണ്. പി ടി തോമസിനൊപ്പം നടിക്ക് വേണ്ടി പൊതു പരിപാടിയിൽ പങ്കെടുത്ത ആളാണ് താൻ. രാഷ്ട്രീയരംഗത്തുള്ളവരും പല കേസുകളിലും പ്രതിയാകാറുണ്ട്. അവർക്കൊപ്പം വേദി പങ്കിടാറുണ്ടെന്നും ജെബി പറഞ്ഞു.

അതേസമയം കെ വി തോമസിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിനും ജെബി മേത്തർ മറുപടി നൽകി. തനിക്ക് ഇത്രയും സ്ഥാനം താങ്ങാൻ ആവുമോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും ആർക്കും ലഭിക്കാത്ത ഭാഗ്യം തനിക്കു ലഭിച്ചതിൽ അസഹിഷ്ണുത വേണ്ടെന്നും അവർ പ്രതികരിച്ചു.


രാജ്യസഭാ സ്ഥാനാർത്ഥിയായി ജെബി മേത്തറെ പ്രഖ്യാപിച്ചതിന് പിന്നാലെ കെവി തോമസിന്റെ മകൻ ബിജു തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ രൂക്ഷ വിമർശനവുമായിട്ടായിരുന്നു രംഗത്തെത്തിയത്. നേതൃ ദാരിദ്ര്യമുള്ള കോൺഗ്രസ് എന്ന തലക്കെട്ടോടെയാണ് ബിജു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.