
തൊടുപുഴ: 'ജയിലിൽ പോയാലും ആഴ്ചയിൽ ഒരിക്കൽ മട്ടൻ കിട്ടും, പക്ഷേ വീട്ടിൽ എനിക്ക് കിട്ടില്ല'. ഇന്നലെ മകനെയും കുടുംബത്തെയും തീയിട്ടുകൊന്ന ഹമീദ്, ദിവസങ്ങൾക്ക് മുമ്പ് സമീപത്തെ ചായക്കടയിലിരുന്ന് പറഞ്ഞു. മൂന്നുനേരം മീനും ഇറച്ചിയുമടങ്ങുന്ന ഭക്ഷണം നൽകുന്നില്ലെന്ന് കുറ്റപ്പെടുത്തി ഹമീദ് എന്നും വഴക്കിടുമായിരുന്നു. സ്വത്ത് തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ജീവിതച്ചെലവിന് കുടുംബകോടതിയിലും കേസ് നൽകിയിരുന്നു. സ്ഥലം തിരികെ നൽകിയില്ലെങ്കിൽ പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തുമെന്ന് ഹമീദ് ഭീഷണി പ്പെടുത്തിയതായി ഫൈസൽ ഫെബ്രുവരി 25ന് കരിമണ്ണൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇതിനുശേഷം ഫൈസലും ഭാര്യയും രണ്ട് മക്കളും ഒരു മുറിയിലായി ഉറക്കം. ഇത് കൂട്ടക്കൊല എളുപ്പമാക്കി. മരണം ഉറപ്പാക്കിയ വൈരാഗ്യ ബുദ്ധിയായിരുന്നു പൊലീസിനോട് സംഭവം വിവരിക്കുമ്പോഴും ഹമീദിന്റെ മുഖത്ത്. സ്വത്ത് നൽകിയിട്ടും മകൻ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഹമീദ് നൽകിയ മൊഴി.
സംഭവദിവസം രാവിലെ മകൻ ഫൈസൽ തല്ലിയതായും പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്നലെ വൈകിട്ടോടെ തെളിവെടുപ്പിനെത്തിച്ചപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ വൻപ്രതിഷേധമായിരുന്നു.
കൊലപാതകം ആസൂത്രിതം
കൊലപാതകം ആസൂത്രിതമെന്ന് സംഭവസ്ഥലം സന്ദർശിച്ച എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത പറഞ്ഞു. ഒരുവർഷത്തിലേറെയായി സ്വത്ത് തർക്കം നിലനിന്നിരുന്നു. തൊടുപുഴ ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.