
മോസ്‌കോ: ഫേസ്ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റയുടെ കീഴിലുള്ള മറ്റൊരു ജനപ്രിയ സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിന് റഷ്യ കഴിഞ്ഞയാഴ്ചയാണ് രാജ്യത്ത് നിരോധനമേർപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിന് ഏകദേശം 80 ദശലക്ഷത്തോളം ഉപയോക്താക്കളാണ് റഷ്യയിൽ മാത്രമുള്ളത്. ഫേസ്ബുക്കിനേക്കാളേറെ യുവതീ യുവാക്കൾ ഉപയോഗിക്കാൻ താത്പര്യപ്പെടുന്നതും ഈ ആപ്പാണ്. ഇത്രത്തോളം ഉപയോക്താക്കളുള്ള ഒരു സമൂഹ മാദ്ധ്യമത്തിന്റെ അഭാവം മുതലെടുക്കാനൊരുങ്ങുകയാണ് ചില റഷ്യൻ ടെക് കമ്പനികൾ. ഇൻസ്റ്റഗ്രാമിന്റെ കോപ്പിയായ റോസ്ഗ്രാം എന്ന പേരിൽ മറ്റൊരു സമൂഹ മാദ്ധ്യമം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ റഷ്യയിൽ തയ്യാറായിക്കഴിഞ്ഞു. റോസ്ഗ്രാം എന്ന പേരു മാത്രമല്ല അതിന്റെ ലേഔട്ടും യൂസർ ഇന്റർഫേസും (യുഐ) എല്ലാം ഇൻസ്റ്റഗ്രാമിന് സമാനമാണ്.
മാർച്ച് 28 മുതൽ റോസ്ഗ്രാം റഷ്യയിൽ ഡൗൺലോഡ് ചെയ്യാൻ തയ്യാറാകുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് വ്യത്യസ്തമായി, ക്രൗഡ് ഫണ്ടിംഗും പണമടച്ച് മാത്രം ഉപയോഗിക്കാനാവുന്ന ചില സേവനങ്ങളും കൂടി ഇതിൽ ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്. ഏവർക്കും പ്രിയപ്പെട്ട സോഷ്യൽ മീഡിയ ആയിരുന്നു ഇൻസ്റ്റാഗ്രാം. അതിനാൽ തന്നെ ഇതിന്റെ റഷ്യൻ അനലോഗ് സൃഷ്ടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് ഞങ്ങൾ തീരുമാനിച്ചു. അതിനാൽ തന്നെ എന്റെ പാർട്ണറായ കിറിൽ ഫിലിമോനോവും ഞങ്ങളുടെ ഡെവലപ്പർമാരും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞുവെന്ന് റോസ്ഗ്രാമിന്റെ പബ്ലിക് റിലേഷൻസ് ഡയറക്ടർ അലക്സാണ്ടർ സോബോലാവ് പറഞ്ഞു.
ഡിസൈനിലും പ്രവർത്തനത്തിലുമെല്ലാം ഇൻസ്റ്റഗ്രാമിന്റെ തനി പകർപ്പ് തന്നെയാണ് റോസ്ഗ്രാമെന്ന് സോബോവ് തന്നെ വെളിപ്പെടുത്തുന്നു. ആപ്പിലെ നിറങ്ങളുടെയും ലേഔട്ടിന്റെയും കാര്യത്തിലും വലിയ മാറ്റമില്ല. റോസ്ഗ്രാമിന്റെ രൂപകൽപ്പനയെക്കുറിച്ച് മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യൻ സർക്കാരിനെതിരെയുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്യാൻ യുക്രെയിനിലെ ഉപയോക്താക്കളെ ഇൻസ്റ്റഗ്രാം അനുവധിക്കുന്നുവെന്ന കാരണം പറഞ്ഞ് ഇക്കഴിഞ്ഞ മാർച്ച് 14 നാണ് റഷ്യയിൽ ആപ്പ് നിരോധിച്ചത്. റഷ്യൻ സ്റ്റേറ്റ് കമ്മ്യൂണിക്കേഷൻസ് റെഗുലേറ്റർ റോസ്‌കോംനാഡ്‌സോറാണ് നിരോധനമേർപ്പെടുത്തിയത്. റഷ്യക്കെതിരായുള്ള യുക്രെയിൻ പൗരന്മാരുടെ ചെറുത്തുനിൽപ്പും രോഷവും പ്രകടിപ്പിക്കുന്നതിൽ നിന്ന് തടയില്ലെന്ന നയം മെറ്റ സ്വീകരിച്ചിരുന്നു.