
ന്യൂഡൽഹി : യുക്രെയിനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസത്തിലേക്ക് അടുക്കുമ്പോൾ പടിഞ്ഞാറൻ രാജ്യങ്ങളും, അമേരിക്കയും ഏർപ്പെടുത്തുന്ന ഉപരോധങ്ങൾ റഷ്യയെ ബാധിച്ചു തുടങ്ങിയിരിക്കുകയാണ്. ആരോഗ്യ മേഖലയിൽ പ്രത്യേകിച്ച് മരുന്നുകളുടെ ലഭ്യതയിലും കുറവ് വന്നിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലുള്ള കമ്പനികൾ റഷ്യൻ വിപണി ഒഴിവാക്കുന്നതായാണ് റിപ്പോർട്ട്. എന്നാൽ തങ്ങളുടെ എക്കാലത്തേയും നല്ല സുഹൃത്തായ ഇന്ത്യ ഈ വിടവ് നികത്തുമെന്ന പ്രതീക്ഷയിലാണ് റഷ്യയിപ്പോൾ. ഇന്ത്യയിലെ റഷ്യൻ പ്രതിനിധി ഡെനിസ് അലിപോവ് ഇതു സംബന്ധിച്ച സൂചന കഴിഞ്ഞ ദിവസം നൽകിയിരുന്നു.
'റഷ്യൻ വിപണിയിൽ നിന്ന് നിരവധി പാശ്ചാത്യ കമ്പനികളുടെ പിൻവാങ്ങലും തൻമൂലം ഒഴിഞ്ഞുകിടക്കുന്ന പല വ്യവസായങ്ങളിലും, പ്രത്യേകിച്ച് ഫാർമസ്യൂട്ടിക്കൽസിൽ ഇന്ത്യൻ കമ്പനികൾ കൈവശപ്പെടുത്തിയിരിക്കാം,' അലിപോവ് റോസിയ അഭിപ്രായപ്പെട്ടു. ഇന്ത്യ ലോക ഫാർമസിയാണെന്നും, മരുന്നുകളുടെ മികച്ച നിർമ്മാതാക്കളാണെന്നും ഡൽഹിയിൽ പുതുതായി നിയമിതനായ റഷ്യൻ പ്രതിനിധി കൂട്ടിച്ചേർത്തു. കൊവിഡ് കാലത്ത് വാക്സിനുകളുടെ ഉത്പാദനത്തിലൂടെയും, ലോകമെമ്പാടുമുള്ള വിതരണത്തിലൂടെയും ഇന്ത്യയത് തെളിയിച്ചു. ഈ ശ്രമങ്ങളെ റഷ്യ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തു. യൂറോപ്യൻ ഇതര രാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപെടൽ ശക്തമാക്കാൻ റഷ്യ ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. ഇതിൽ ഇന്ത്യയ്ക്ക് പ്രധാന സ്ഥാനമാണുള്ളത്.
യുദ്ധസമയത്തെ സംഘർഷത്തിനിടയിൽ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ റഷ്യ സ്വാഗതം ചെയ്യുന്നതായും അലിപോവ് അഭിപ്രായപ്പെട്ടു.