password

ജോലിമുതൽ പഠനവും ഷോപ്പിംഗും വരെ ഏതാണ്ട് പൂർണമായും ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് പാസ്‌വേഡുകൾ വളരെ അത്യാവശ്യമായ ഒന്നുതന്നെയാണ്. എന്നാൽ മറ്റുള‌ളവർ നമ്മുടെ സ്വകാര്യതയിൽ ഒളിഞ്ഞുനോക്കാതിരിക്കാൻ മാത്രമല്ല പലവിധ തട്ടിപ്പുകളെയും തടയാൻകൂടിയുള‌ളതാകണം നാം സെറ്റ് ചെയ്യുന്ന പാസ്‌വേഡുകൾ. പലരും ഇക്കാര്യങ്ങൾ അധികം ശ്രദ്ധിക്കാറില്ല. ഇപ്പോഴും പഴയകാലത്തെ 123456 തരം പാസ്‌വേഡും പാസ‌വേഡ് എന്നതും സ്വന്തം വീട്ടുപേരും ഫോൺനമ്പരും പാസ്‌വേഡാക്കുന്നവരും കുറവല്ല. അറിയേണ്ട കാര്യമെന്തെന്നാൽ സൈബർ ക്രിമിനലുകൾക്കും ഹാക്കർമാർക്കും ഇത്തരത്തിൽ വീക്കായ പാസ്‌വേഡും 11 അക്ക പാസ്‌വേഡുകളും തുറന്ന് കയറാൻ വെറും രണ്ട് സെക്കന്റ് മതി എന്നതാണ്.

സൈബർ സുരക്ഷാകമ്പനിയായ ബിറ്റ്ഡിഫെ‌ൻഡർ ഡയറക്‌ടറായ അലക്‌സ് ബാലൻ പറയുന്നതനുസരിച്ച് അൽപം കടുപ്പമേറിയ, നമ്പരുകളും ചിഹ്നങ്ങളും അപ്പർകേസ് ലോവർകേസ് അക്ഷരങ്ങളും ചേർന്നതാണ് പാസ്‌വേഡെങ്കിൽ ഇവ ഹാക്ക് ചെയ്യാൻ ഏറെ സമയം വേണ്ടിവരുമെന്നാണ്. സുരക്ഷിതമാണെങ്കിൽ പേടിക്കാനേ ഇല്ല. എന്നാൽ ഇത്തരം പ്രയാസമേറിയ പാസ്‌വേഡുകൾ നല്ലതാണെങ്കിലും മറന്നുപോകും എന്ന ഒറ്റ കാരണത്താൽ പലരും അതിന് തയ്യാറാകില്ല.

എന്നാൽ ഇനിയിപ്പോൾ ആ പേടി വേണ്ട. പാസ്‌വേഡ് മാനേജർ ആപ്പുകൾ ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കും. ഒരിക്കൽ ഓർത്തുകഴിഞ്ഞാൽ അടുത്തതവണ ആപ്പ് ഉപയോഗിക്കുമ്പോൾ പാസ്‌വേഡ് മാനേജർ തനിയെ അവ ഓർമ്മിപ്പിക്കും. കാര്യം ഇവ വളരെ ഉപയോഗപ്രദമാണെങ്കിലും ബ്രിട്ടണിൽ പോലും അഞ്ചിലൊരാൾ മാത്രമേ ഇത്തരം പാസ്‌വേഡ് മാനേജർ ഉപയോഗിക്കുന്നുള‌ളു.

ഇത്തരം ആപ്പുകൾ പാസ്‌വേഡുകൾ മോഷ്‌ടിക്കുമോ എന്ന പലരുടെയും ഭയമാണ് ഇതിനുകാരണം. എന്നാൽ ഇവ സുരക്ഷിതമാണ്. ഒരിക്കൽ ഡൗൺലോഡ് ചെയ്‌ത് വിവിധ വിവരങ്ങൾ നൽകി ലോഗിൻ ചെയ്‌താൽ ആവശ്യമില്ലാത്ത അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനും സാധിക്കും. വിവിധ ആപ്പുകൾക്ക് ശക്തമായ പാസ്‌വേഡുകൾ നൽകാൻ ആപ്പ് സഹായിക്കും. അവ ഓരോ തവണ ഉപയോഗിക്കുമ്പോഴും പാസ്‌വേഡ് തനിയെ നൽകും.

ഹാക്കർമാർക്ക് ഫേസ്‌ബുക്കിൽ ലോഗിൻ ചെയ്യാനോ, ലിങ്ക് വഴി തട്ടിപ്പ് നടത്താനോ പാസ്‌വേഡ് മാനേജ‌ർ വഴി കഴിയില്ല. പാസ്‌വേഡ് മാനേജർ ഓരോ ലോഗിനിന്റെയും വ്യത്യസ്‌ത പാസ്‌വേഡുകൾ എൻക്രിപ്‌റ്റ് ചെയ്‌ത് സൂക്ഷിക്കും. ഉപഭോക്താവ് മാസ്‌റ്റർ പാസ്‌വേഡ് നൽകിയാലെ ഇത് ലോഗിൻ ചെയ്യാനാകൂ. ആപ്പിളിന്റെ ആപ്പിൾ കീചെയിനും ആൻഡ്രോയിഡിൽ ക്രോമും പാസ്‌വേഡ് മാനേജർമാർ തന്നെയാണ്. എന്നാൽ അവയ്‌ക്ക് ശക്തമായ സുരക്ഷ നൽകാൻ കഴിയില്ല.

പാസ്‌വേഡ് മാനേജറിൽ അൽപം ശക്തമായ നീളമേറിയ മാസ്‌റ്റർ പാസ്‌വേഡ് നൽകിയാൽ അവ മികച്ച സുരക്ഷ നൽകും. ഇനി അഥവാ മുതിർന്ന ഒരാൾക്ക് വേണ്ടി പാസ്‌വേഡ് മാനേജർ സെറ്റ് ചെയ്യാൻ പ്രയാസമാണെങ്കിൽ ഇവ സെറ്റ് ചെയ്‌ത ശേഷം ഒരു പാസ്‌വേഡ് ബുക്ക് തയ്യാറാക്കി എഴുതി സൂക്ഷിക്കുന്നത് നല്ലതാണ്. വെർച്വൽ ബുക്ക് തയ്യാറാക്കി സൂക്ഷിക്കുന്നതും നല്ലതാണ്.