iphone-charging

ആപ്പിളിന്റെ ഐഫോണിന് നിരവധി മേന്മകളുണ്ടെങ്കിലും, ബാറ്ററിയുടെ കാര്യത്തിൽ അവർ പണ്ടു മുതലേ പഴി കേൾക്കുന്നുണ്ട്. കുറച്ച് നേരം ഉപയോഗിക്കുമ്പോൾ തന്നെ ഫോണിന്റെ ചാർജ് കാലിയാകും. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും ഇടയ്ക്കിടെ വരാറുണ്ട്. നിങ്ങളും ഒരു പക്ഷെ ഈ പ്രശ്നം നേരിടുന്നവരായിരിക്കാം. പഴയ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ മോഡലുകളിലെ ലിഥിയം-അയൺ ബാറ്ററികൾ മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ശാശ്വതമായ പരിഹാരം വന്നിട്ടില്ല. ഫോണിന്റെ ചാർജ് പെട്ടന്ന് തീരുന്നതിനെ ചില പൊടിക്കൈകൾ പ്രയോഗിച്ചുകൊണ്ട് ഒരു പരിധി വരെ നേരിടാനാവും. അത്തരത്തിലുള്ള വളരെ ലളിതമായ അഞ്ച് ടിപ്പുകളാണ് ഇനി പറയുന്നത്.


1. സ്‌ക്രീൻ ബ്രൈറ്റ്നസ് കുറയ്ക്കുക എന്നതാണ് അതിൽ ആദ്യത്തേത്. ബാറ്ററി ചാർജ് പെട്ടന്ന് തീരുന്നതിന് ഒരു പ്രധാന കാരണം ഫോണിന്റെ സ്‌ക്രീൻ ബ്രൈറ്റ്‌നെസാണ്. വളരെ അത്യാവശ്യമല്ലാത്ത സമയത്ത് ഒഴികെ സ്‌ക്രീനിന്റെ ബ്രൈറ്റനെസ് കുറച്ച് വച്ച് ഉപയോഗിക്കുന്നതാണ് ഫോണിനും നിങ്ങളുടെ കണ്ണിനും നല്ലത്. എന്നാൽ തെളിച്ചം വളരെയധികം കുറച്ച് ഉപയോഗിക്കുന്നത് കണ്ണിനത്ര നല്ലതുമല്ല. ബ്രൈറ്റനെസ് ഏറ്റവും കൂടുതലാക്കി വയ്ക്കുന്നത് പെട്ടന്ന് ചാർജ്ജ് തീരാൻ കാരണമാകും. സ്‌ക്രീനിന്റെ തെളിച്ചം 65-70 ശതമാനത്തിൽ നിലനിർത്തുന്നത് ചാർജ് പെട്ടന്ന് തീരുന്നതിൽ നിന്ന് ഫോണിനെ സംരക്ഷിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ വെളിച്ചം വളരെ കുറഞ്ഞ മുറികളിൽ ബ്രൈറ്റനെസ് ഇതിലും താഴെയായി നിലനിറുത്താം.


2. ചാർജ് ചെയ്യുന്നതിലാണ് അടുത്ത കാര്യം. 100 ശതമാനത്തിലെത്താതെ ആരും ചാർജിൽ നിന്ന് മാറ്റില്ല. ചിലർക്ക് ഫോണിന്റെ ചാർജ്ജ് എപ്പോഴും 80 ശതമാനത്തിനും 100 ശതമാനത്തിനും ഇടയിൽ നിൽക്കണമെന്ന വാശിയുമുണ്ട്. 70 ശതമാനത്തിൽ താഴെ എത്തിയാൽ തന്നെ ഓടിക്കൊണ്ടു പോയി ചാർജിലിടുന്ന സ്വഭാവമുള്ളവർ ഒത്തിരിയുണ്ട്. എന്നാൽ ഐഫോണുകൾ 100 ശതമാനം ചാർജ് ചെയ്യുന്നത് വാസ്തവത്തിൽ ഫോണിന്റെ ബാറ്ററിയെ നശിപ്പിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു. അതായത് ഫോൺ ഫുൾ ചാർജ് ചെയ്യുന്ന ശീലം നന്നല്ല. ബാറ്ററിയുടെ ആയുസ്സിനെ ഇത് ബാധിക്കും. 80 ശതമാനത്തിലെത്തുമ്പോൾ ചാർജ് ചെയ്യുന്നത് നിർത്തുന്നതാണ് ഏറ്റവും നല്ലത്. അതു പോലെ തന്നെ പൂജ്യം ശതമാനത്തിലെത്തുന്നതു വരെ ഉപയോഗിക്കാനും പാടില്ല. ചാർജ് തീർന്ന് ഫോൺ ഓഫ് ആയി പോവുന്നതും ബാറ്ററിയെ പ്രതികൂലമായി ബാധിക്കും.


3. ഇന്റർനെറ്റ് ഉപയോഗിക്കാൻ നിങ്ങൾ ആശ്രയിക്കുന്നത് മൊബൈൽ ഡാറ്റയാണെങ്കിൽ അതും ഫോണിന്റെ ചാർജ് വേഗത്തിൽ കുറയ്ക്കും. വൈ ഫൈ ലഭിക്കുന്ന സ്ഥലമാണെങ്കിൽ മൊബൈൽ നെറ്റ്വർക്കിനെ ആശ്രയിക്കതെ വൈ ഫൈ ഉപയോഗിക്കുന്നത് ചാർജ് പിടിച്ചു നിർത്താൻ ഉപകരിക്കും. വൈ ഫൈ വളരെ കുറച്ചു ബാറ്ററി മാത്രമേ ഉപയോഗിക്കുകയുള്ളു.


4. നിങ്ങളുടെ ഫോണിന്റെ ബാറ്ററി ചാർജിന്റെ ഉപയോഗം നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊരു മാർഗ്ഗമാണ് ബാറ്ററി ഒപ്ടിമൈസേഷൻ എന്നത്. ഇത് ഐഫോണിൽ മാത്രമല്ല, മറ്റ് സ്മാർട്ട് ഫോണുകളിലും ലഭ്യമാണ്. നമ്മുടെ ഫോണിലെ ചില ആപ്പുകൾക്ക് പ്രവർത്തിക്കാൻ കൂടുതൽ ബാറ്ററി ആവശ്യമാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്പ്ചാറ്റ്, യൂട്യൂബ്, വാട്സാപ്പ് തുടങ്ങിയ ആപ്പുകൾ പ്രവർത്തിക്കാൻ കൂടുതൽ ചാർജ് വേണം. ഇവയൊക്കെ ഒഴിവാക്കുക എന്നത് ഇപ്പോൾ സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യവുമാണ്. ഇവയൊക്കെ ഉപയോഗിക്കുകയും വേണം എന്നാൽ ചാർജ് ഒരുപാട് കുറയാനും പാടില്ല. അതിനായി ഒരു മാർഗ്ഗമുണ്ട്. ഈ ആപ്പുകൾക്കൊക്കെ ബാറ്ററി ഒപ്ടിമൈസേഷൻ ഏർപ്പെടുത്തുക. സെറ്റിംഗ്സിൽ ബാറ്ററി എന്ന വിഭാഗത്തിലേക്ക് പോയാൽ ഈ സംവിധാനം കാണാം. ബാറ്ററി സേവിംഗ് മോഡ് ഓണാക്കിയും ആപ്പുകളുടെ ചാർജ് ഉപയോഗം കുറയ്ക്കാം.


5. ഏറ്റവും ഒടുവിൽ ചെയ്യാനാവുന്നത് ഫോൺ ചൂടാവാതെ നോക്കുക എന്നതാണ്. ബാഹ്യമായ ഘടകങ്ങൾ കൊണ്ട് ഫോൺ ചൂടാവുന്നത് നമുക്ക് തന്നെ തടയാനാവുന്ന കാര്യമാണ്. ചൂട്, വെയിൽ എന്നിവ ഏൽക്കാതെ സംരക്ഷിച്ചാൽ ബാറ്ററിക്കൊപ്പം ഫോണിന്റെ മറ്റ് ഭാഗങ്ങളും ശരിയായ രീതിയിൽ ഏറെ നാൾ പ്രവർത്തിക്കും. ചാർജ് ചെയ്യുന്ന സമയത്ത് ഫോണിനെ നന്നായി വായു സഞ്ചാരമുള്ള സ്ഥലത്ത് കവറിൽ നിന്ന് പുറത്തെടുത്ത് വെക്കുന്നത് ചൂടാവുന്നത് തടയാം. ഉറങ്ങുമ്പോൾ ഫോണിനെ തലയിണക്കടിയിൽ വയ്ക്കുന്നതും, യാത്രയിൽ കാറിന്റെ ഡാഷ്‌ബോഡിൽ സൂക്ഷിക്കുന്നതും ഫോണിന്റെ ഉള്ളിലെ താപനില ഉയർത്താൻ കാരണമാകും.