silverline

കൊച്ചി: സംസ്ഥാനത്ത് സിൽവർലൈൻ പദ്ധതിയുടെ സർവെക്കല്ലുകൾ സ്ഥാപിക്കുന്നതും അത് നാട്ടുകാർ ഇളക്കിക്കളയുന്നതും വാർത്തകൾ പ്രതിദിനം കാണുന്നുണ്ട്. എന്നാൽ സ്ഥാപിച്ച കല്ല് ഇളക്കികളഞ്ഞതിന്റെ പേരിൽ പരാതി കെറെയിൽ വിരുദ്ധ സമരക്കാർക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ ഇന്ന് അത്തരത്തിൽ ഒരു പരാതിയുണ്ടായി. പിറവം നിയോജകമണ്ഡലത്തിലെ തിരുവാണിയൂ‌ർ പഞ്ചായത്തിലെ മാമലയിൽ നാട്ടുകാരും കെറെയിൽ അധികൃതരും തമ്മിൽ കല്ലിടുന്നതിനെ ചൊല്ലി വെള‌ളിയാഴ്‌ച പ്രശ്‌നമുണ്ടായിരുന്നു. ഇവിടെ ഒരു വീട്ടിൽ സ്ഥാപിച്ച സർവെകല്ല് കോൺഗ്രസ് പ്രവർത്തകർ പിഴുത് കളഞ്ഞു.

എന്നാൽ തന്റെ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന് കാട്ടി വീട്ടുടമ മുല്ലയ്‌ക്കൽ സരള രവീന്ദ്രൻ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതിയുമായെത്തി. പിന്നാലെ ചോറ്റാനിക്കര പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കെറെയിൽ അധികൃതർ സർവെകല്ലുകൾ തിരികെ സ്ഥാപിച്ചു.

സ്ഥലത്ത് നാട്ടുകാരും ബിജെപി, കോൺഗ്രസ് പ്രവർത്തകരും കെറെയിൽ സർവെകല്ലിടുന്നതിനെതിരെ രംഗത്തെത്തിയതോടെ കഴിഞ്ഞദിവസം അധികൃതർ ഇവിടെ കല്ലിടാനെത്തിയില്ല. അതേസമയം സ്‌ത്രീകളടക്കമുള‌ളവരെ സമരത്തിലേക്ക് തള‌ളിവിടുന്ന കെ റെയിൽ സംസ്ഥാനത്തെ കുടുംബങ്ങളെ തകർക്കുമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കെറെയിലിന് ബദലായി ഫ്‌ളൈ ഇൻ കേരള എന്ന പേരിൽ വിമാന സർവീസ് തുടങ്ങാനുള‌ള നിർദ്ദേശവും അദ്ദേഹം നൽകി.