hameed

തൊടുപുഴ: ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് ചുട്ടുകൊന്ന പ്രതി ഹമീദിന് ഇപ്പോഴും യാതൊരു കുലുക്കവുമില്ല. പൊലീസ് കസ്‌റ്റഡിയിലും ഇയാൾ രാവിലെയും ഉച്ചയ്‌ക്കും നിറയെ ഭക്ഷണം കഴിച്ചു. കൊലപാതകം നടത്തിയതിന്റെ യാതൊരു കുറ്റബോധവും ഇയാൾക്കില്ല.

ശനിയാഴ്‌ച പുലർച്ചെയാണ് മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് തീവച്ച് ഇയാൾ കൊലപ്പെടുത്തിയത്. ചീനിക്കുഴി മുഹമ്മദ് ഫൈസൽ(45), ഭാര്യ ഷീബ(40), മക്കൾ മെഹ്‌റീൻ(16), അസ്‌ന(13) എന്നിവരാണ് മരിച്ചത്. സംഭവം നടന്നയുടൻ മുഹമ്മദ് ഫൈസൽ ഫോണിൽ അയൽവീട്ടിലേക്ക് വിളിച്ച് രക്ഷിക്കാൻ അപേക്ഷിച്ചു. അയൽക്കാർ രക്ഷിക്കുന്നതിനിടെ പെട്രോൾ നിറച്ച കുപ്പി ഹമീദ് ഉള‌ളിലേക്കെറിഞ്ഞു. തീ കെടുത്താതിരിക്കാൻ വാട്ടർ കണക്ഷനും നശിപ്പിച്ചു.

പെട്രോൾ നിറച്ച കുപ്പിയിൽ പകുതി നിറച്ച് ബാക്കി തുണി തിരുകി കത്തിച്ചാണ് ഇയാൾ തീയിട്ടത്. സംഭവത്തിനിടെ ഇയാളുടെ കാലിന് പൊള‌ളലേറ്റു. സ്വത്ത് ഭാഗം വച്ച് നൽകിയശേഷവും തന്നെ നോക്കുന്നില്ല എന്ന ദേഷ്യമാണ് ഇയാൾക്ക് പകയായി മാറിയത്. മട്ടനും മീനും വേണമെന്ന് ഇയാൾ പൊലീസിനോടും ആവശ്യപ്പെട്ടിരുന്നു. മര്യാദയ്‌ക്ക് മട്ടൻ പോലും വാങ്ങി നൽകില്ലെന്നും ജയിലിൽ പോലും ആഴ്‌ചയിലൊരിക്കൽ മട്ടൻ ലഭിക്കുമെന്നും ഇയാൾ കൊലയ്‌ക്ക് മുൻപ് നാട്ടുകാരിൽ ചിലരോട് പറഞ്ഞു.

പലപ്പോഴും തർക്കത്തിനൊടുവിൽ മകനെയും കുടുംബത്തെയും ജീവനോടെ കത്തിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.എന്നാൽ ഇത്തരത്തിൽ ചെയ്യുമെന്ന് ആരും ഓർത്തില്ല. കൊലയ്ക്ക് ശേഷം വീടിന് പിന്നിലൂടെ അടുത്ത ബന്ധുവീട്ടിലെത്തി വിവരം അറിയിച്ച ശേഷം പൊലീസ് സ്‌റ്റേഷനിലേക്ക് ഇയാൾ പോയി.

പിതാവ് പുറത്തിറങ്ങിയാൽ തങ്ങളെയും അപായപ്പെടുത്തുമെന്ന് ഭയമുള‌ളതായി മൂത്തമകൻ ഷാജി പറഞ്ഞു. അതുകൊണ്ട് പുറത്തിറങ്ങാതിരിക്കാൻ പരമാവധി ചെയ്യാവുന്നത് ചെയ്യുമെന്നും നിയമസഹായം ചെയ്യില്ലെന്നും ഷാജി അറിയിച്ചു.