arjun-tank

ന്യൂഡൽഹി : ശത്രുവിന്റെ മണ്ണിലേക്ക് കൂട്ടത്തോടെ ഇടിച്ചു കയറി നാശനഷ്ടമുണ്ടാക്കാൻ പര്യാപ്തമാണ് യുദ്ധത്തിൽ ടാങ്കുകൾ. അതിർത്തിയിൽ ശത്രു ഒളിപ്പിച്ചിട്ട മൈനുകൾക്കും, കിടങ്ങുകൾക്കും മുകളിലൂടെ പാതയൊരുക്കുക എന്ന കർത്തവ്യവും ഇവയ്ക്കുണ്ട്. അതിനാൽ തന്നെ ടാങ്കുകൾ ഏതൊരു സേനയുടെയും അവിഭാജ്യ ഘടകമാണ്. എന്നാൽ അടുത്തിടെയായി ഭീമൻ ടാങ്കുകളെക്കാളും ലൈറ്റ് ടാങ്കുകൾക്കാണ് രാജ്യങ്ങൾ താത്പര്യം കാട്ടിയിരുന്നത്. വേഗത്തിൽ മുന്നേറ്റം നടത്താനാവും എന്നതും, ഉയർന്ന പ്രദേശങ്ങളിലും മറ്റും വിമാനങ്ങളിൽ ലിഫ്റ്റ് ചെയ്തിറക്കേണ്ടതിലെ സൗകര്യവുമാണ് ലൈറ്റ് ടാങ്കുകളെ പ്രിയങ്കരമാക്കുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ ഹെവി ടാങ്കായ അർജുൻ എം കെ വൺ എ വാങ്ങുന്നതിനായി താത്പര്യമറിയിച്ചിരിക്കുകയാണ് ഗൾഫ് രാഷ്ട്രമായ ബഹ്റിൻ. യുക്രെയിനിൽ റഷ്യ നടത്തുന്ന അധിനിവേശമാണ് ഹെവി ടാങ്കിലേക്ക് ബഹറിൻെറ ശ്രദ്ധ തിരിച്ചിരിക്കുന്നത്.

യുക്രെയിനിലേക്ക് ഇരച്ച് കയറിയ റഷ്യൻ ടാങ്കുകളിൽ ചിലതിനെ ആന്റിടാങ്ക് മിസൈലുകൾ ഉപയോഗിച്ച് തകർക്കാൻ യുക്രെയിന് കഴിഞ്ഞതാണ് ബഹ്റിനെ ഇന്ത്യൻ ടാങ്ക് വാങ്ങാൻ പ്രേരിപ്പിക്കുന്നത്. ശത്രുവിന്റെ ആക്രമണങ്ങൾക്ക് മുന്നിൽ പെട്ടെന്ന് മുട്ടുകുത്താത്തതാണ് ഹെവിവെയ്റ്റ് മെയിൻ ബാറ്റിൽ ടാങ്കുകളുടെ ഗണത്തിൽ പെടുന്ന അർജുൻ എം കെ വൺ എ. ഇസ്രയേലുമായി ചേർന്ന് ഇന്ത്യ വികസിപ്പിച്ച ലേസർ സംവിധാനവും അർജുനിൽ ഉടൻ സ്ഥാപിക്കുമെന്നും റിപ്പോർട്ടുണ്ട്.

ഇന്ത്യൻ നിർമ്മിത ഗൈഡഡ് മിസൈൽ സംവിധാനവും ഇതിൽ ഉപയോഗിക്കാനാവും. ടാങ്കിലെ പ്രധാന തോക്കിൽ നിന്നും മിനിട്ടിൽ ആറ് മുതൽ എട്ട് റൗണ്ട് വരെ വെടിയുതിർക്കാനാവും. റഷ്യയുടെ ടി 90 ടാങ്കുകളെക്കാളും കൃത്യത ഇന്ത്യൻ നിർമ്മിത ടാങ്കുകൾക്കാണെന്ന് ട്രയലുകളിൽ തെളിയിച്ചിട്ടുമുണ്ട്. ശത്രു ടാങ്കുകളിൽ നിന്നും ടാങ്ക് വേധ മിസൈലുകളിൽ നിന്നും അർജുൻ ടാങ്കുകൾ കൂടുതൽ സുരക്ഷിതമാണ്. ഇതിന് പുറമേ മരുഭൂമികളിൽ മികച്ച പ്രവർത്തന ക്ഷമതയുണ്ടെന്നതും അർജുനിലേക്ക് ശ്രദ്ധ തിരിക്കാൻ അറബ് രാജ്യത്തെ പ്രേരിപ്പിക്കുന്നു.