
തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്ന് മീൻ പിടിക്കാനായി പോയ 61 മത്സ്യത്തൊഴിലാളികൾ സമുദ്രാതിർത്തി ലംഘിച്ചതിനാൽ ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലായി. കൂട്ടത്തിൽ രണ്ടു പേർ മലയാളികളും, അഞ്ചു പേർ അസമിൽ നിന്നുള്ളവരും ബാക്കിയുള്ളവർ തമിഴ്നാട് സ്വദേശികളുമാണ്. വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് കൂട്ടത്തിലുള്ള മലയാളികൾ.
ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് അഞ്ചു ബോട്ടുകളിലായി ഇവർ മത്സ്യബന്ധനത്തിനായി പോയത്. എന്നാൽ മാർച്ച് പന്ത്രണ്ടോടെ സമുദ്രാതിർത്തി ലംഘിച്ചതിന് സീഷെൽസിൽ പിടിയിലാവുകയായിരുന്നു. ഇവരുടെ അഞ്ച് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. മത്സ്യബന്ധന, തീരസുരക്ഷാ നിയമങ്ങൾ ഇവിടെ ശക്തമാണ്. അതിനാൽ തന്നെ നിയമനടപടികളിൽ കുടുങ്ങി വലിയ പ്രതിസന്ധികളിലാകുമെന്നതിനാൽ അടിയന്തര ഉന്നത ഇടപെടലിനായി കാത്തിരിക്കുകയാണിവർ.
വൻതുക പിഴയും കേസുകളുമുണ്ടാകുമെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കിൽ നിയമ കുരുക്കിൽ പെട്ട് മോചനവും ഉപജീവനവും പ്രതിസന്ധിയിലാകും. ഇത് ഒഴിവാക്കാൻ അടിയന്തര ഇടപെടലുണ്ടാവണമെന്നാണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആവശ്യം. തൊഴിലാളികൾക്ക് വേണ്ട അടിയന്തര സഹായം വേൾഡ് മലയാളി ഫെഡറേഷൻ എത്തിച്ചു നൽകിയിട്ടുണ്ട്.