
ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ഭോപ്പാൽ സെൻട്രൽ ജയിലിലെ അമ്പത് തടവുകാർ ജയിൽ മോചിതരായാൽ നേരെ പോകുന്നത് ക്ഷേത്രങ്ങളിൽ പൂജാരിമാരായിട്ടാവും. ഇതിനായുള്ള പരിശീലനങ്ങൾ അവർക്ക് ജയിലിൽ നിന്നും നൽകുന്നുണ്ട്. സർക്കാരിന്റെ 'യുഗ് പുരോഹിത്' എന്ന പരിപാടിക്ക് കീഴിലാണ് കടുത്ത കുറ്റകൃത്യങ്ങൾ ചെയ്ത് ജയിലിൽ കഴിയുന്ന അമ്പത് തടവുകാർക്ക് പുരോഹിതനാവുന്നതിനുള്ള പരിശീലനം നൽകുന്നത്. ആരെയും നിർബന്ധിപ്പിച്ച് പദ്ധതിയിൽ അംഗങ്ങളാക്കില്ല, വൈദിക ആചാരങ്ങളിൽ താൽപര്യമുള്ളവർക്കാണ് ഈ പദ്ധതി. ഇതിലൂടെ സമൂഹത്തിന് മികച്ച സന്ദേശം നൽകുക എന്ന ലക്ഷ്യമാണുള്ളത്. ഭോപ്പാലിലെ ഗായത്രി ശക്തിപീഠമാണ് ഇതിനായി പ്രയത്നിക്കുന്നത്.
ഈ പദ്ധതിയിലൂടെ തടവുപുള്ളികൾ സദ്ഗുണമുള്ളവരുമായി സമൂഹത്തിലേക്ക് മടങ്ങുക എന്നതാണ് ഗായത്രി ശക്തിപീഠത്തിന്റെ ലക്ഷ്യമെന്ന് വൈദികരിൽ ഒരാളായ സദാനന്ദ് അമ്രേക്കർ പറയുന്നു. തടവുപുള്ളികൾക്കായുള്ള പരിശീലനം ഈ മാസം 28ന് അവസാനിക്കും.
'ജയിലുകളിലെ തടവുകാർ ഒന്നുകിൽ വിഷാദത്തിലോ ആക്രമണോത്സുകതയിലോ ആണ്. അവരിൽ ഭൂരിഭാഗവും അർദ്ധ സാക്ഷരരും ദരിദ്രരുമാണ്. തടവുകാരെ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾക്ക് തോന്നി, അങ്ങനെ അവർക്ക് ചുറ്റുമുള്ള പോസിറ്റീവ് എനർജി അവർക്ക് അനുഭവപ്പെടും. പഠിക്കാൻ തയ്യാറുള്ള 50- 60 തടവുകാർ ഉണ്ട്. ഇവരെ പരിശീലിപ്പിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. കൊലപാതക കുറ്റം ചുമത്തി ശിക്ഷ ലഭിച്ചവർ വരെ 'യുഗ് പുരോഹിത്' പദ്ധതിയിൽ ചേർന്ന് ശാന്തത കൈവരിച്ചുവെന്നും ഉദ്യോഗസ്ഥർ സമർത്ഥിക്കുന്നു.