
തിരുവനന്തപുരം: സംസ്ഥാനത്ത് പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സർവകക്ഷിയോഗം നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ സംസ്ഥാനത്ത് രാഷ്‌ട്രീയ,മത,സാമുദായിക, സാംസ്‌കാരിക സംഘടനകൾക്ക് പ്രചാരണത്തിന് അവസരം നിഷേധിക്കരുതെന്ന് പങ്കെടുത്ത വിവിധ നേതാക്കൾ ആവശ്യപ്പെട്ടു.
യോഗത്തിൽ മുഖ്യമന്ത്രി വിവിധ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. പാതയോരത്ത് കൊടി തോരണങ്ങൾ ഗതാഗത തടസമുണ്ടാകാത്ത വിധത്തിൽ അനുവദിക്കാവുന്നതാണ്. പരിപാടികൾക്ക് എത്രദിവസം മുൻപ് കൊടിതോരണങ്ങൾ കെട്ടാമെന്നും എപ്പോൾ നീക്കം ചെയ്യാമെന്നും മുൻകൂട്ടി വ്യക്തമാക്കണം. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും, മതിലിലും അവരുടെ അനുവാദത്തോടെ കൊടിതോരണങ്ങൾ കെട്ടാം. പാതയോരത്ത് ബന്ധപ്പെട്ടവരുടെ അനുമതിയോടെ കൊടിതോരണം ആകാം. ഗതാഗതത്തിനും കാൽനടയ്‌ക്കും തടസമാകുന്ന തരത്തിൽ പരസ്യപ്രചാരണം ആകരുത്. ഈ നിർദ്ദേശങ്ങൾ യോഗം അംഗീകരിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, നിയമമന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി വി.പി ജോയ്, വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗ നിർദ്ദേശങ്ങൾ പൊതുജന അഭിപ്രായമായി കോടതിയെ അറിയിക്കും.ഇതിന് അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.