നവാഗതനായ സംഗീത് പി. രാജൻ സംവിധാനം ചെയ്യുന്ന ചിത്രം ഇരിട്ടിയിൽ

basil

നവാഗതനായ സംഗീത് പി. രാജൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ ബേസിൽ ജോസഫ് നായകൻ. ചിത്രത്തിലെ നായിക പശു ആണ്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് പശു കേന്ദ്രകഥാപാത്രമായി സിനിമ .ദിലീഷ് പോത്തൻ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ജോണി ആന്റണി, ഉണ്ണിമായ പ്രസാദ് , ജയകുറുപ്പ്, എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. കണ്ണൂർ ഇരിട്ടിയിൽ പുരോഗമിക്കുന്ന ചിത്രത്തിന് ഇനി മുപ്പതു ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ വൈകാതെ പുറത്തുവിടും. ഏറെ രസകരമാണ് ചിത്രത്തിന്റെ ടൈറ്റിൽ എന്നാണ് വിവരം. ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയുടെ കഥാകൃത്തും സിദ്ധാർത്ഥ് ഭരതന്റെ ചതുരം എന്നീ ചിത്രത്തിന്റെ തിരക്കഥകൃത്തുമായ വിനോയ് തോമസിനൊപ്പം അനീഷ് അഞ്ജലിയും ചേർന്നാണ് രചന നിർവഹിക്കുന്നത്. അഞ്ചു സുന്ദരികൾ, കോമ്രഡ് ഇൻ അമേരിക്ക, വിജയ് സൂപ്പറും പൗർണ്ണമിയും ,ഷൈലോക്ക് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ രണദിവൈ ദൃശ്യാവിഷ്കാരം നിർവഹിക്കുന്നു. ദിലീഷ് പോത്തൻ, ശ്യാംപുഷ്കർ എന്നിവർ ചേർന്നാണ് നിർമ്മാണം. അമൽ നീരദിന്റെ ശിഷ്യനാണ് സംഗീത് പി. രാജൻ. അതേസമയം സംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ബേസിൽ ജോസഫ് തിളങ്ങുന്നു. ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത മിന്നൽ മുരളി മികച്ച വിജയമാണ് കൈവരിച്ചത്. ബേസിൽ നായകനായി അഭിനയിച്ച ജാൻ എ. മൻ സൂപ്പർ ഹിറ്റാവുകയും ചെയ്തു. ജാൻ . എ. മന്നിനുശേഷം ബേസിൽ നായകനായി അഭിനയിക്കുന്ന ചിത്രമാണ്.