
തിരുവനന്തപുരം: പൊലീസ് ജിപ്പിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാപ്പനംകോട് സ്വദേശി സനോഫറിനെ കസ്‌റ്റഡിയിലെടുത്തിട്ടില്ലെന്ന് പൂന്തുറ പൊലീസ് വ്യക്തമാക്കി. മദ്യപിച്ച് സനോഫർ റോഡിൽ വീണതായാണ് പൊലീസ് അറിയിക്കുന്നത്. ബുധനാഴ്‌ചയാണ് പൊലീസ് സനോഫറിനെ കസ്റ്റഡിയിൽ എടുത്തത്. അന്ന് ജീപ്പിൽ നിന്ന് വീണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് അൽപം മുൻപാണ് സനോഫർ മരിച്ചത്.
ജീപ്പിൽവച്ച് പൊലീസ് മർദ്ദിച്ചപ്പോഴാണ് സനോഫർ ചാടിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം സനോഫർതന്നെ ജീപ്പ് തുറന്ന് റോഡിലേക്ക് ചാടിയെന്നാണ് ദൃക്‌സാക്ഷിയായ രാഹുൽ പറയുന്നത്. കുടുംബകലഹത്തെ തുടർന്ന് സനോഫർ ഭാര്യയെ മർദ്ദിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്‌തു. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പൂന്തുറ പൊലീസ് ഇയാളോട് സംസാരിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു. ഇതിനിടെ മദ്യലഹരിയിലായിരുന്ന സനോഫർ കൈയിൽ കുപ്പിച്ചില്ലുകൊണ്ട് മുറിവുണ്ടാക്കാൻ ശ്രമിച്ചു. തുടർന്ന് സനോഫറിനെ ആശുപത്രിയിലെത്തിച്ച പൊലീസ് അതിന്ശേഷം ഇയാളെ വീട്ടിൽ തിരികെയെത്തിച്ചു. എന്നാൽ സ്‌റ്റേഷനിൽ ഇയാളെ നീർത്തണം എന്ന ബന്ധുക്കളുടെ ആവശ്യത്തെ തുടർന്ന് കൊണ്ടുപോകും വഴിയാണ് ഇയാൾ ജീപ്പിൽ നിന്ന് ചാടിയത്.
വീഴ്‌ചയിൽ തലയ്‌ക്ക് ഗുരുതരമായ പരിക്കാണ് സനോഫറിനുണ്ടായത്. തലച്ചോറിന് ക്ഷതമേറ്റു. തുടർന്ന് ചികിത്സയിലിക്കെ ഇന്ന് ഉച്ചയോടെ സനോഫർ മരിക്കുകയായിരുന്നു.