azeez

തിരുവനന്തപുരം: കോൺഗ്രസിന്റെ ഒഴിവുവന്ന രാജ്യസഭാ സീറ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർക്ക് നൽകിയതിന് പിന്നാലെ യുഡിഎഫിൽ വിയോജിപ്പ് പുറത്ത്. ജെബി മേത്തറുടേത് പേയ്‌മെന്റ് സീറ്രാണെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ആരോപിച്ചു. ആർ‌വൈഎഫ് പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കവെയാണ് അസീസ് ഇത്തരത്തിൽ ആരോപണമുന്നയിച്ചത്. എന്നാൽ പ്രസംഗം വിവാദമായതോടെ താൻ അങ്ങനെ പറഞ്ഞില്ലെന്നും അത് വ്യാഖ്യാനം മാത്രമാണെന്നും അസീസ് വിശദീകരിച്ചു.

'ഒരുപിടിയാളുകൾ രാജ്യസഭാ സീറ്റിനുവേണ്ടി നെട്ടോട്ടമായിരുന്നു. അവസാനം ആർക്കാ കിട്ടിയത്? ജെബി മേത്തറിന്. മേത്തർ കാശുകൊടുത്ത് അതങ്ങ് വാങ്ങിച്ചു.' എന്നായിരുന്നു അസീസിന്റെ പ്രസംഗം. അപ്പോൾ ചെറുപ്പക്കാരിയും ന്യൂനപക്ഷക്കാരിയുമായ ആൾക്കാണ് സീറ്റ് നൽകിയതെന്നും അസീസ് പറഞ്ഞിരുന്നു. അസീസിന്റെ പ്രസംഗത്തിനെതിരെ കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ ശക്തമായി പ്രതികരിച്ചു. അസീസ് കുറച്ച് നാളായി യുഡിഎഫിൽ പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ഉണ്ണിത്താൻ വിമർശിച്ചു. എൻ.കെ പ്രേമചന്ദ്രൻ എം.പി അസീസിനെ ഉപദേശിക്കണമെന്നും അസീസിനെതിരെ നടപടിയെടുക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

നിരവധി ചർച്ചകൾക്ക് ശേഷമാണ് കോൺഗ്രസ് ഹൈക്കമാന്റ് ജെബി മേത്തറുടെ പേര് അംഗീകരിച്ചത്. നീണ്ട 42 വർഷങ്ങൾക്ക് ശേഷമാണ് ഒരു വനിത കോൺഗ്രസിൽ നിന്നും രാജ്യസഭാംഗമാകുന്നത്. 1980ൽ ലീല ദാമോദര മേനോനാണ് ഇതിനുമുൻപ് അംഗമായത്.